ആർത്തവ ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി നൽകണം; സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി
ന്യൂഡൽഹി: ആർത്തവ ദിനങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ആർത്തവ വേദനയെ എല്ലാവരും അവഗണിച്ചിരിക്കുകയാണെന്നും ആർത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാംഅനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠിയാണ് വിദ്യാർത്ഥിനികൾക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കും ആർത്തവ അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്.
ഒരു സ്ത്രീ ആർത്തവ സമയത്ത് അനുഭവിക്കുന്ന വേദന ഹൃദയാഘാത സമയത്തുണ്ടാകുന്ന വേദനക്ക് തുല്യമാണെന്ന് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് നടത്തിയ പഠനത്തെക്കുറിച്ചും ഹർജിയിൽ പറയുന്നു. ആര്‍ത്തവ വേദന കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ ജോലിയെ ബാധിക്കുമെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ,ബൈജൂസ്, സ്വിഗ്ഗി, മാതൃഭൂമി, മാഗ്സ്റ്റർ, ഇൻഡസ്ട്രി, എആർസി, ഫ്ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങൾ ശമ്പളത്തോട് കൂടിയ ആർത്തവ അവധി സ്ത്രീകൾക്ക് നൽകുന്നുണ്ടെന്നും ഹർജിയില്‍ പറയുന്നു
ആർത്തവ സമയത്ത് അവധി നല്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബീഹാറാണ്. ഈ പശ്ചാത്തലത്തിൽ, ബാക്കിയുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകൾക്ക് ആർത്തവ അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം തുല്യതയ്ക്കുള്ള അവരുടെ അവകാശത്തിന്റെ ലംഘനമാണെന്നും ഹർജിക്കാരി വാദിച്ചു.