തൃശൂര്‍: പുതുക്കാട് ദേശീയപാതയില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നയാള്‍ പുതുക്കാട് പോലീസിന്റെ പിടിയിലായി . പുതുക്കാട് തെക്കേതൊറവ് പണ്ടാരി വീട്ടില്‍ ഡേവിഡ് (22) ആണ് അറസ്റ്റിലായത്.കഴിഞ്ഞ രണ്ടുവര്‍ഷമായി ഇയാള്‍ ഇത്തരത്തിലുള്ള മോഷണങ്ങള്‍ നടത്തിവരുകയാണ്. രണ്ട് ദിവസം മുമ്ബ് നെല്ലായി സ്വദേശി നിധിന്റെ ബാഗില്‍നിന്ന് 14000 രൂപ മോഷ്ടിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
പുതുക്കാട് സെന്ററിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. പുതുക്കാട് സെന്ററിലും പാലിയേക്കര ടോള്‍പ്ലാസയിലും നിന്നുമാണ് ഇയാള്‍ ബൈക്കുകളില്‍ ലിഫ്റ്റ് ചോദിച്ച് കയറുന്നത്. പിറകില്‍ ബാഗുമായി വരുന്ന ബൈക്ക് യാത്രക്കാരെ കേന്ദ്രീകരിച്ചാണ് മോഷണം. ബാഗില്‍നിന്ന് പണമോ വിലപിടിപ്പുള്ള വസ്തുക്കളോ മോഷ്ടിച്ചശേഷം ബൈക്ക് യാത്രക്കാര്‍ക്ക് സംശയം തോന്നാത്തരീതിയില്‍ പാതിവഴിയില്‍ ഇറങ്ങുകയാണ് ഇയാളുടെ പതിവ് രീതി. പുതുക്കാട് സ്റ്റേഷനില്‍ മാത്രം ആറുപേരുടെ പണം കവര്‍ന്നതായി പ്രതിക്കെതിരെ പരാതിയുണ്ട്.5000 മുതല്‍ 50000 രൂപ വരെ പല ബൈക്ക് യാത്രക്കാരില്‍നിന്നായി മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.