അജിത്ത് ചിത്രം തുനിവ് കാണാനുള്ള യാത്രയ്ക്കിടെ 19കാരന് ദാരുണാന്ത്യം
ചെന്നൈ: തുനിവ് സിനിമയുടെ റിലീസ് ആഘോഷത്തിനിടെ ട്രക്കിൽ നിന്ന് വീണ് അജിത്ത് ആരാധകന് ദാരുണാന്ത്യം. ചെന്നൈ രോഹിണി തിയേറ്ററിന് സമീപത്തായി പൂനമല്ലി ഹൈവേയിലായിരുന്നു അപകടം.
അജിത്ത് ചിത്രം തുനിവിന്റെ ആദ്യ ഷോ കാണാനായി ആരാധകർ ലോറിയ്ക്ക് മുകളിൽ നിന്ന് ഡാൻസും പാട്ടുമായി യാത്ര ചെയ്യുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയ്ക്കായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. മറ്റ് ആരാധകരോടൊപ്പം ലോറിയ്ക്ക് മുകളിൽ നിന്ന് നൃത്തം ചെയ്യുകയായിരുന്ന ഭാരത് കുമാറാണ് (19) മരിച്ചത്. ചെന്നൈ ചിന്താദ്രിപേട്ട് സ്വദേശിയാണ്. നൃത്തം ചെയ്യുന്നതിനിടെ ലോറിയിൽ നിന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാരതിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
വിജയ് ചിത്രം വാരിസും അജിത്ത് ചിത്രം തുനിവും ഒരുമിച്ചെത്തുന്നതിനാൽ തമിഴ്നാട് മുഴുവൻ ഇന്നലെ മുതൽ ആഘോഷത്തിലായിരുന്നു. അതിനാൽ തന്നെ സർക്കാർ നിരവധി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. വലിയ കട്ടൗട്ടുകൾ ഉപയോഗിക്കരുത്, പാലഭിഷേകം നടത്തരുത് തുടങ്ങിയ വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ചിത്രങ്ങളുടെ റിലീസിന്റെ ഭാഗമായി നിരത്തുകളിൽ അനേകായിരം ചെറുപ്പക്കാരായിരുന്നു തടിച്ചുകൂടിയത്. ഇവരെ നിയന്ത്രിക്കാൻ പൊലീസ് പാടുപെടുന്നുണ്ടായിരുന്നു.