ചങ്ങനാശേരിയിൽ മിന്നൽ പരിശോധന, പഴകിയ ഭക്ഷണം പിടിച്ചു; എവിടെ നിന്നെന്ന് പറയാൻ വലിയ മടി
ചങ്ങനാശേരി ∙ നഗരസഭാ ആരോഗ്യവിഭാഗം നഗരപരിധിയിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി. പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തെങ്കിലും അധികൃതർ വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു.ഇന്നലെ രാവിലെയാണ് പരിശോധന നടത്തിയത്.
പിടിച്ചെടുത്ത ഭക്ഷണസാധനങ്ങൾ നഗരസഭാ പരിസരത്ത് എത്തിച്ചതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചു. ഇറച്ചി, പൊറോട്ട, കറികൾ തുടങ്ങിയവയുടെ ചിത്രങ്ങളാണ് പ്രചരിച്ചത്.ആരോഗ്യ വിഭാഗത്തിൽ നിന്ന് വിവരങ്ങൾ ലഭിക്കുമെന്നായിരുന്നു നഗരസഭാ അധികൃതരുടെ പ്രതികരണം. ഉത്തരവാദിത്തപ്പെട്ടവർ ഒപ്പിട്ടു നൽകിയാലേ വിവരം പരസ്യപ്പെടുത്താൻ കഴിയൂവെന്ന് ആരോഗ്യവിഭാഗം കൈ കഴുകി.