പ്രൈമറി സ്കൂളിൽ കൊടുത്ത ഉച്ചഭക്ഷണത്തിൽ പാമ്പ്; മുപ്പതോളം കുട്ടികൾ ആശുപത്രിയിൽ
കൊൽക്കത്ത: സ്കൂൾ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് മുപ്പതോളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശ്ചിമബംഗാളിലെ ബിർഭും ജില്ലയിൽ മയൂരേശ്വർ ബ്ലോക്കിലെ ഒരു പ്രൈമറി സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്.
ഭക്ഷണം കഴിച്ച കുട്ടികളിൽ ഛർദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടാൻ തുടങ്ങിയതോടെ നടത്തിയ അന്വേഷണത്തിലാണ് പയർ വേവിച്ച പാത്രത്തിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്. കുട്ടികളെ റാംപൂർഹട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളൊഴികെ മറ്റ് കുട്ടികളെയെല്ലാം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.
സംഭവത്തിൽ പ്രദേശവാസികൾ പ്രതിഷേധം നടത്തി. രക്ഷിതാക്കൾ സ്കൂളിലെ പ്രധാനാദ്ധ്യാപകനെ മർദിക്കുകയും ഇരുചക്രവാഹനം നശിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച് കുട്ടികൾക്ക് അസുഖം വരുന്നതായി നിരവധി ഗ്രാമങ്ങളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ദീപാഞ്ജൻ ദന പറഞ്ഞു.