വിമാനത്തിനകത്ത് ഷര്‍ട്ടഴിച്ച് യുവാവിന്റെ അടി; വീഡിയോ വൈറലാകുന്നു
ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന അനവധി വീഡിയോകളുണ്ട്. ഇവയില്‍ ആകസ്മികമായുണ്ടാകുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകളാണ് ഏറ്റവുമധികം ശ്രദ്ധ നേടാറ്. ഇക്കൂട്ടത്തില്‍ ആളുകള്‍ പരസ്പരം നടത്തുന്ന വഴക്കും പോര്‍വിളിയും അപകടങ്ങളുമെല്ലാം ഉള്‍പ്പെടാറുണ്ട്.
ഇത്തരത്തില്‍ വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ തമ്മില്‍ സംഭവിച്ച ഒരു വഴക്കിന്റെയും കയ്യേറ്റത്തിന്റെയും വീഡിയോ ആണിപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
പൊതുവിടങ്ങളില്‍ പാലിക്കേണ്ട മര്യാദകള്‍ പലതാണല്ലോ. ഇത് യാത്രകളിലും നാം പാലിക്കാറുണ്ട്. എന്നാല്‍ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടുള്ള പെരുമാറ്റമാണ് ഇതെന്നാണ് വീഡിയോ കണ്ടവരെല്ലാം പറയുന്നത്. ഒരു ബംഗ്ലാദേശ് ഫ്ളൈറ്റിനകത്ത് വച്ചാണ് സംഭവം നടക്കുന്നത്.
യാത്രക്കാരില്‍ ആരോ പകര്‍ത്തിയതാണ് വീഡിയോ. വീഡിയോയുടെ തുടക്കത്തില്‍ തന്നെ കാണുന്നത്, ഷര്‍ട്ട് അഴിച്ച് കരഞ്ഞുകൊണ്ട് വൈകാരികമായി മറ്റൊരു യാത്രക്കാരനെ മര്‍ദ്ദിക്കുന്ന യുവാവാണ്. അടി കൊള്ളുന്നയാളെ വീഡിയോയില്‍ കാണുന്നില്ല. ഇദ്ദേഹം സീറ്റില്‍ ഇരിക്കുകയായിരുന്നു. ഇരിക്കുമ്പോള്‍ തന്നെയാണ് യുവാവ് ഇദ്ദേഹത്തെ മര്‍ദ്ദിക്കുന്നത്.
എന്താണ് ഇവര്‍ക്കിടയില്‍ പ്രശ്നമുണ്ടാകാനുള്ള കാരണമെന്നത് വ്യക്തല്ല. ഷര്‍ട്ടൂരി നില്ക്കുന്ന യുവാവ് പ്രകോപിതനാവുകയും വൈകാരികമായി ക്ഷോഭിക്കുകയും ചെയ്യുന്നത് കാണാം. ഇതിനിടെ അടി കൊണ്ടയാള്‍ തിരിച്ച് യുവാവിനെ അടിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിനിടെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് ഇവരെ പിടിച്ചുമാറ്റാനും ശ്രമിക്കുന്നുണ്ട്. ഇതും വീഡിയോയില്‍ കാണാം.
വളരെയധികം നാണക്കേടുണ്ടാക്കുന്ന പെരുമാറ്റമാണിതെന്നും ഇത്തരം പ്രവണതകള്‍ വച്ചുപുലര്‍ത്തുന്നവരെ സമൂഹം മാറ്റിനിര്ത്തണമെന്നുമെല്ലാമാണ് വീഡിയോ കണ്ട ഒരു വിഭാഗം പേര് അഭിപ്രായപ്പെടുന്നത്. അതേസമയം യുവാവ് യാത്രക്കാരനെ കയ്യേറ്റം ചെയ്യാനുള്ള കാരണമെന്താണെന്ന് അറിയേണ്ടതുണ്ടോയെന്നും എങ്കില്‍ മാത്രമെ ഇതെക്കുറിച്ച് പ്രതികരിക്കാൻ സാധിക്കൂവെന്നും അഭിപ്രായപ്പെടുന്ന മറുവിഭാഗവുമുണ്ട്.
രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര് ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.