സി പി എം നേതാവ് പറഞ്ഞത് പച്ചക്കള്ളം, പാൻമസാല കടത്തിയ പ്രതിയുമായുള്ളത് അടുത്തബന്ധം; പിറന്നാളാഘോഷത്തിന്റെ ചിത്രം പുറത്ത്
കൊല്ലം: കരുനാഗപ്പള്ളിയിൽ ലോറിയിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ വാഹനത്തിന്റെ ഉടമയായ സി പി എം നേതാവ് പറഞ്ഞത് പച്ചക്കള്ളം. രണ്ട് ലോറികളിലായി ഒരു കോടി രൂപ വിലവരുന്ന 1.25 ലക്ഷം പാക്കറ്റ് പാൻമസാലയാണ് പിടികൂടിയത്. സി പി എം ഏരിയ കമ്മിറ്റി അംഗം ഷാനവാസിന്റേതാണ് പിടികൂടിയ ലോറികളിൽ ഒന്ന്.
കട്ടപ്പന സ്വദേശിയ്ക്ക് ലോറി വാടകയ്ക്ക് നൽകിയിരുന്നെന്നും പാൻമസാല കടത്തിയവരുമായി യാതൊരു ബന്ധവുമില്ലെന്നുമായിരുന്നു ഷാനവാസിന്റെ പ്രതികരണം. എന്നാൽ കേസിലെ പ്രതിയായ ഇജാസിനൊപ്പം ഒരു പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്ന ഷാനവാസിന്റെ ചിത്രം പുറത്തുവന്നിരിക്കുകയാണിപ്പോൾ.
പാൻമസാല പിടികൂടുന്നതിന്റെ നാല് ദിവസം മുമ്പാണ് ഈ ഫോട്ടോയെടുത്തത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രം, ഇജാസ് പിടിയിലായതിന് പിന്നാലെ നേതാക്കളെല്ലാം നീക്കം ചെയ്യുകയായിരുന്നു. ഇതിനുമുൻപും ഇജാസിൽ നിന്ന് പാൻമസാല പിടികൂടിയിരുന്നുവെന്നാണ് വിവരം.
അതേസമയം, ഷാനവാസിനെതിരെ പാർട്ടി നടപടി സ്വീകരിക്കുമെന്നാണ് സൂചന. ലോറി വാടകയ്ക്ക് നൽകിയതാണെന്ന വിശദീകരണം തൃപ്തികരമല്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ലഹരി വിരുദ്ധ ക്യാംപയിനുകൾക്കിടയിൽ ഇത്തരമൊരു സംഭവമുണ്ടായത് പാർട്ടിക്കൊന്നാകെ നാണക്കേടായിരിക്കുകയാണ്.
നേരത്തെ തലസ്ഥാനത്ത് ലഹരി വിരുദ്ധ ക്യാംപയിനിടെ ബാറിൽ കയറി മദ്യപിച്ചതിന് രണ്ട് ഡി വൈ എഫ് ഐ നേതാക്കൾക്കെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനേയും നേമം ഏരിയാ പ്രസിഡന്റ് ആഷിഖിനെതിരെയുമായിരുന്നു നടപടി സ്വീകരിച്ചത്.