ഓം പ്രകാശ് നേരിട്ട് ആക്രമണത്തിന് ഇറങ്ങുന്നത് വർഷങ്ങൾക്ക് ശേഷം, തലസ്ഥാനം വിറപ്പിച്ച ഗുണ്ടാ നേതാവിനെ പിടികൂടാനാകാതെ പൊലീസ്
തിരുവനന്തപുരം: നഗരത്തിൽ ഞായറാഴ്ച പുലർച്ചെ കാർ തടഞ്ഞുനിറുത്തി കൺസ്ട്രക്ഷൻ കമ്പനി ഉടമയും സുഹൃത്തുക്കളുമുൾപ്പെട്ട നാലംഗ സംഘത്തെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് മൊഴി. പൂത്തിരി കൺസ്ട്രക്ഷൻ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിൻ (37), സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ (34), ജഗതി സ്വദേശി പ്രവീൺ (35), പൂജപ്പുര സ്വദേശി ടിന്റു ശേഖർ (35) എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച പുലർച്ചെ 3.40ഓടെ പേട്ട പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പാടകലെ പാറ്റൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു ആക്രമണം. കൊലപാതകമുൾപ്പെടെ നഗരത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടയുമായ ഓംപ്രകാശും ഇയാളുടെ സംഘത്തിൽപ്പെട്ട ഇബ്രാഹിം റാവുത്തർ, ആരിഫ്, മുന്ന, ജോമോൻ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പരിക്കേറ്റവർ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി.
കവടിയാർ കേന്ദ്രീകരിച്ച് ചെറിയതോതിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണ് നിഥിൻ. ഇതേ രംഗത്ത് നിൽക്കുന്ന ആരിഫ്, ആസിഫ് എന്നിവരും നിഥിനും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് കണ്ണേറ്റ് മുക്ക് പീപ്പിൾസ് നഗറിൽ ആസിഫിന്റെയും ആരിഫിന്റെയും വാടകവീട്ടിൽ ശനിയാഴ്ച രാത്രി പത്തരയോടെ നിഥിന്റെ നേതൃത്വത്തിൽ അക്രമം നടത്തിയിരുന്നു. സംഭവശേഷം നിഥിനും സംഘവും ശംഖുംമുഖം ഭാഗത്തേക്ക് കടന്നു. ഇതിന് പ്രതികാരം ചെയ്യാൻ നിഥിനെ പിന്തുടർന്നുവന്ന ഓംപ്രകാശും സംഘവും പുലർച്ചെ പാറ്റൂരിൽ വച്ച് ഇവരുടെ ഇന്നോവ കാർ കുറുകെയിട്ട് തടഞ്ഞശേഷം വടിവാളും വെട്ടുകത്തിയുമായി ഇറങ്ങി കാറിന്റെ ഗ്ളാസുകൾ തല്ലി തകർത്തശേഷം വാഹനത്തിലുണ്ടായിരുന്ന നിഥിനെ തലയ്ക്ക് വെട്ടുകയായിരുന്നു.
ഉടൻ സ്ഥലത്തെത്തിയ പേട്ട പൊലീസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിഥിനൊഴികെ നിസ്സാരപരിക്കേറ്റ ടിന്റുശേഖർ, പ്രവീൺ, ആദിത്യ എന്നിവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മ്യൂസിയം കണ്ണേറ്റുമുക്കിലെ വീടാക്രമിച്ച കേസിൽ പ്രതികളായ ഇവരെ ഇന്നലെ വൈകുന്നേരത്തോടെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.
സാമ്പത്തിക ഇടപാടുകളെ ചൊല്ലി നിഥിനും ഓംപ്രകാശും തമ്മിലുള്ള തർക്കമാണ് അക്രമത്തിന് കാരണമെന്ന വിധത്തിലുള്ള ചില വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്രമി സംഘത്തിനായി വ്യാപക അന്വേഷണം ആരംഭിച്ചതായി പേട്ട സി.ഐ റിയാസ് രാജ അറിയിച്ചു. ഓം പ്രകാശിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. തലസ്ഥാനത്തെ അറിയപ്പെട്ടിരുന്ന ഗുണ്ടാനേതാവായ ഓം പ്രകാശ് സമീപകാലത്ത് അക്രമ സംഭവങ്ങളിലൊന്നും സജീവമായിരുന്നില്ല. അപ്രാണി കൃഷ്ണകുമാർ വധക്കേസിലെ ജയിൽ ശിക്ഷക്ക് ശേഷം ഓം പ്രകാശ് നേരിട്ടൊരു അക്രമത്തിനിറങ്ങിയിരുന്നില്ല. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു