ഹജ്ജ് തീർത്ഥാടനത്തിൽ നിന്ന് പിന്മാറിയവർക്ക് പണം നഷ്ടമാകുമെന്ന ആശങ്ക വേണ്ട; റീഫണ്ട് നടപടി വിശദമാക്കി അധികൃതർ
റിയാദ്: ഹജ്ജ് തീർത്ഥാടനത്തിൽ നിന്നും പിന്മാറിയവർക്ക് അടച്ച പണം തിരികെ ലഭിക്കുന്നതിനായുള്ല വ്യവസ്ഥകൾ പുറത്തു വിട്ടു. പണമടച്ച് ഹജ്ജ് പെർമിറ്റ് കൈപ്പറ്റിയവർക്കും അല്ലാത്തവർക്കും രണ്ട് തരത്തിലായിരിക്കും റീഫണ്ട് നടപടികൾ. പണം തിരികെ ലഭിക്കുന്ന രീതികൾ മന്ത്രാലയം ഔദ്യോഗിക ഹാൻഡിലിൽ നിന്നുള്ള ട്വീറ്റിലൂടെ വിശദമാക്കിയിട്ടുണ്ട്.
മരണം, ആരോഗ്യ വൈകല്യം, ക്രിമിനൽ കേസുകൾ എന്നീ കാരണം അല്ലെങ്കിൽ അപകടത്തിൽപെട്ടവർക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ മുഴുവൻ തുകയും തിരികെ ലഭിക്കും. അറബി മാസം ശവ്വാൽ 14ന് ശേഷം കൊവിഡ് ബാധയുണ്ടായവർക്കും ഇത് ബാധകമാണ്. ‘അബ്ഷിർ’ ആപ്ലിക്കേഷൻ വഴി ഹജ്ജ് അനുമതി പത്രം റദ്ദാക്കുകയും മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ, നുസ്ക് ആപ്ലിക്കേഷൻ വഴിയോ ബുക്കിങും റദ്ദാക്കാവുന്നതാണ്.
പണം തിരികെ ലഭിക്കുന്ന രീതികൾ
1. ഹജ്ജ് നിർവഹിക്കുന്നതിനുള്ള പെർമിറ്റ് നൽകുന്നതിനു മുമ്പ്.
രജിസ്ട്രേഷൻ തീയതി മുതൽ ശവ്വാൽ 14 വരെയുള്ള കാലയളവിലാണ് അപേക്ഷ പിൻവലിച്ചവർക്ക് അടച്ച തുക മുഴുവനായി തിരികെ ലഭിക്കും.
പെർമിറ്റ് നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ഇലക്ട്രോണിക് സേവനങ്ങളുടെ ഫീസ് അടച്ച തുകയിൽനിന്ന് ഈടാക്കുന്നതാണ്.
2. ഹജ്ജ് പെർമിറ്റ് നൽകിയ ശേഷം.
ശവ്വാൽ 15 മുതൽ ദുൽഖഅദ് അവസാനം വരെയുള്ള ഇലക്ട്രോണിക് സേവനങ്ങൾക്കുള്ള ഫീസ്, കരാർ മൂല്യത്തിന്റെ 10 ശതമാനം എന്നിവ കുറച്ചുള്ള തുക തിരികെ നൽകും.
ദുൽഹജ്ജ് ഒന്ന് മുതലുള്ള കാലയളവിലാണെങ്കിൽ അടച്ച പണം തിരികെ ലഭിക്കില്ല.