സ്കൂളിലേക്ക് ഓടോറിക്ഷയിൽ വരുന്നതിനിടെ സ്കൂൾ കുട്ടികൾക്കും ഡ്രൈവർക്കുനേരെ കടന്നൽ ആക്രമണം; പരുക്ക് ഗുരുതരമല്ല; ഡ്രൈവർമാരുടെ മനസാന്നിധ്യമാണ് വലിയ രീതിയിലുള്ള അപകടം ഒഴിവായത്
കാസർകോട്: ഓടോറിക്ഷകളിൽ വരികയായിരുന്ന സ്കൂൾ കുട്ടികളെ കടന്നൽ ആക്രമിച്ചു. 12 വിദ്യാർഥികൾക്കും രണ്ട് ഡ്രൈവർമാർക്കുമാണ് കടന്നൽ കുത്തേറ്റത്. ചെമ്മനാട് വെസ്റ്റ് ജിയുപി സ്കൂളിലെ വിദ്യാർഥികളായ ആദം അബു (ആറ്), സൈനബ് (ഏഴ്), ഫാത്വിമത് സുഹ്റ (ആറ്), അഹ്മദ് സുബൈർ (ഏഴ്), മുഹമ്മദ് റിനാദ് (ഏഴ്), ആഇശ നസീറ (ആറ്), ഫാത്വിമ (ഏഴ്), ആഇശ (11), അഫ്റാൻ അഹ്മദ് (ഒൻപത്), ആമിന (എട്ട്), ഫാത്വിമത് സഹ്ബിയ്യ (11), മുഹമ്മദ് റാഹിൽ (ഏഴ്), ഡ്രൈവർമാരായ ഹകീം, ഹാരിസ് എന്നിവർക്കാണ് പരുക്കേറ്റത്.
കീഴൂരിൽ നിന്നും ചെമ്മനാട് സ്കൂളിലേക്ക് ഓടോറിക്ഷയിൽ വരുന്നതിനിടയിലാണ് കടന്നൽ ആക്രമിച്ചത്. ചെമ്പരിക്ക റേഷൻ കടയ്ക്ക് അടുത്ത് വെച്ചായിരുന്നു സംഭവം. കടന്നൽ കുത്തേറ്റിട്ടും ഡ്രൈവർമാർ വാഹനം നിർത്താതെ ഓടിച്ച് കുട്ടികളെ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിൽ ഹകീമിനാണ് കടന്നൽ കുത്ത് കൂടുതൽ കൊണ്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ഡ്രൈവർമാരുടെ മനസാന്നിധ്യമാണ് വലിയ രീതിയിലുള്ള അപകടം ഒഴിവാക്കിയത്.