കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; മലപ്പുറം സ്വദേശി സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയത് ലക്ഷങ്ങളുടെ സ്വർണം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വീണ്ടും പൊലീസിന്റെ സ്വർണ വേട്ട. 47 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. മലപ്പുറം വളാഞ്ചേരി സ്വദേശി ജംഷീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായിൽ നിന്നാണ് ഇയാൾ വന്നത്.
മിശ്രിത രൂപത്തിലാക്കിയ 854 ഗ്രാം സ്വർണം മൂന്ന് ക്യാപ്സൂളുകളാക്കി സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചാണ് കടത്തിയത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയതിന് പിന്നാലെയാണ് പൊലീസ് സ്വർണം പിടികൂടിയത്.
ജംഷീർ സ്വർണവുമായെത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതിനോടകം അൻപതുകോടിയിലധികം രൂപ വില വരുന്ന സ്വർണം വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടിയിട്ടുണ്ട്.