പത്തനംതിട്ടയിലെ സ്കൂളിൽ ചിക്കൻ ബിരിയാണി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 13 വിദ്യാർത്ഥികളും അദ്ധ്യാപികയും ചികിത്സയിൽ
പത്തനംതിട്ട: ഭക്ഷ്യവിഷബാധയേറ്റ് 13 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും ചികിത്സയിൽ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്കൂളിലാണ് സംഭവം.സ്കൂൾ വാർഷികാഘോഷത്തിനിടെ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടെയും നില ഗുരുതരമല്ല. സ്കൂൾ വാർഷികാഘോഷത്തിനിടെ ചിക്കൻ ബിരിയാണി കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. ഭക്ഷ്യവിഷബാധയേറ്റ് ഒരാഴ്ചയ്ക്കിടെ രണ്ട് മരണം നടന്നതിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളിൽ കർശന പരിശോധന നടന്നുവരികയാണ്. അതിനിടെയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത്. അതേസമയം, ഇടുക്കി നെടുങ്കണ്ടത്ത് കുടുംബത്തിന് ഷവർമ്മയിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ ക്യാമൽ റെസ്റ്റോ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെയെന്ന് കണ്ടെത്തി. ആറ് ജീവനക്കാരുടെ ഹെൽത്ത് കാർഡ് കാലാവധി അവസാനിച്ചതാണെന്നും പരിശോധനയിൽ തെളിഞ്ഞിരുന്നു.