കാമുകിയെ സ്വന്തമാക്കാൻ ഭർത്താവായ സുഹൃത്തിനെ കൊലപ്പെടുത്തി 27കാരൻ, കെണിയൊരുക്കി കുടുക്കി പൊലീസ്
ന്യൂഡൽഹി: കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതശരീരം കത്തിച്ച 27കാരൻ അറസ്റ്റിൽ. ഡൽഹിയിലെ വസീരബാദിൽ ശനിയാഴ്ചയാണ് യുവാവ് അറസ്റ്റിലായത്. റാഷിദ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് മുനിഷ്ദിൻ അറസ്റ്റിലായി. ഇരുവരും വസീരാബാദ് സ്വദേശികളാണ്.റാഷിദിനെ വയറ്റിൽ കുത്തിയതിനുശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതശരീരം കത്തിക്കുകയും ചെയ്തു. ജനുവരി രണ്ടിന് റാം ഘട്ടിന് സമീപത്തായി 90 ശതമാനം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയിരുന്നു. സമീപത്തുനിന്ന് പേനാക്കത്തിയും തീപ്പെട്ടിയും കിട്ടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുനിഷ്ദിൻ പിടിയിലാവുന്നത്. പ്രദേശത്തെ സിസിടിവി ക്യാമറ പരിശോധിച്ച പൊലീസ് റാഷിദിനൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നതായി കണ്ടെത്തുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഒപ്പമുണ്ടായിരുന്നയാൾ മുനിഷ്ദിൻ ആണെന്ന് തിരിച്ചറിഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് കെണിയൊരുക്കി പ്രതിയെ പിടികൂടുകയായിരുന്നെന്നും പൊലീസ് കൂട്ടിച്ചേർത്തു.മുനിഷ്ദിനും റാഷിദും ഒരുമിച്ച് ജോലിചെയ്യുകയായിരുന്നു. മുനിഷ്ദിൻ പ്ളംബറും റാഷിദ് ഇലക്ട്രീഷ്യനുമായിരുന്നു. തുടർന്ന് ഇരുവരും അടുത്ത സുഹൃത്തുക്കളായി. പരസ്പരം വീടുകൾ സന്ദർശിക്കുന്നതും പതിവായിരുന്നു. ഇതിനിടെ മുനിഷ്ദിനും റാഷിദിന്റെ ഭാര്യയും തമ്മിൽ അടുപ്പത്തിലായി. റാഷിദ് മദ്യപിച്ചെത്തി ഭാര്യയെ തല്ലുമായിരുന്നു. ഇതിൽ മനംമടുത്ത റാഷിദിന്റെ ഭാര്യ ഭർത്താവിനെ ഒഴിവാക്കാൻ മുനിഷ്ദിനുമായി ചേർന്ന് പദ്ധതിയിട്ടു. കഴിഞ്ഞ പത്തുപതിനഞ്ച് ദിവസമായി റാഷിദിനെ ഒഴിവാക്കാൻ ഭാര്യ മുനിഷ്ദിനെ സ്ഥിരമായി പ്രേരിപ്പിക്കുകയായിരുന്നു. തുടർന്ന് പദ്ധതി പ്രകാരം മുനിഷ്ദിൻ റാഷിദിനെ റാം ഘട്ടിലെത്തിക്കുകയും ഇരുവരും ചേർന്ന് മദ്യപിച്ചതിനുശേഷം പേനാക്കത്തി ഉപയോഗിച്ച് കുത്തുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പ്രതി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കി