തിരുവനന്തപുരം: അടിമലത്തുറയിൽ തീരഭൂമി കയ്യേറി ലത്തീൻ സഭയുടെ ഭൂമി വിൽപ്പന. ഏക്കർ കണക്കിന് തീരം മൂന്ന് സെന്റുകളായി തിരിച്ചാണ് പള്ളി കമ്മിറ്റി മത്സ്യത്തൊഴിലാളികൾക്ക് വിൽപന നടത്തിയത്.
സമുദ്രതീര പുറമ്പോക്ക് അതിർത്തികെട്ടി തിരിക്കുന്നതിൽ നിന്നും പിൻവാങ്ങണമെന്ന് അടിമലത്തുറ ഇടവകക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു .അതിനിടെ ഒന്നും രണ്ടുമല്ല, നിരനിരയായി ഉയർന്നത് 100 ലേറെ വീടുകൾ. സമുദ്രതീര പുറമ്പോക്കിൽ അഞ്ച് ഏക്കറിലധികം തീരം കയ്യേറി. ലത്തീൻ സഭക്ക് കീഴിലെ അമലോത്ഭവ മാതാ പള്ളികമ്മിറ്റി ഈ ഭൂമി മൂന്ന് സെന്റുകളായി തിരിച്ചു. ഒരു രേഖയുമില്ല, പള്ളി സംരക്ഷണം നൽകും എന്ന വാക്ക് മാത്രം. ഇടവകയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പള്ളിക്ക് പണം നൽകിയതായി സമ്മതിക്കുന്നു
2019 ഫെബ്രുവരിയിൽ കയ്യേറ്റമൊഴിപ്പിക്കാൻ കളക്ടർ വിളിച്ച യോഗത്തിലും നടന്നത് വിൽപ്പന തന്നെയെന്ന് സ്ഥിരീകരിച്ചു. തീരമൊഴിപ്പിക്കാൻ റവന്യുവും പഞ്ചായത്തും ഇടപെട്ടു. സംഘടിതമായി മത്സ്യത്തൊഴിലാളികളെ മുന്നിൽ നിർത്തി പള്ളികമ്മിറ്റി ചെറുത്തു. സർക്കാരിനെ നോക്കുകുത്തിയാക്കി ഭവന നിർമ്മാണം തുടരുന്നു. കുടുംബങ്ങളിൽ ആളെണ്ണം കൂടിയപ്പോൾ തങ്ങൾ തന്നെ നേരിട്ട് പുനരധിവാസം നടപ്പാക്കിയെന്ന് വൈദികൻ പറയുന്നു. കടൽക്ഷോഭ ഭീഷണിയുള്ള മേഖലയിലെ ഈ പുനരധിവാസത്തിൽ പൊരുത്തകേടുകൾഇപ്പോഴും ബാക്കിയാണ്.അതേസമയം പൊതുഭൂമി പകുത്തുനൽകാൻ പള്ളിക്കെന്തവകാശമാണുള്ളതെന്ന ചോദ്യവുമായി മറ്റൊരു വിഭാഗം രംഗത്തിറങ്ങിയിട്ടുണ്ട്.