ഭക്ഷണശാലകളില്‍ പരിശോധന നടത്തണം താലൂക്ക് വികസന സമിതി യോഗം
കാസര്‍കോട് : കാസര്‍കോട് താലുക്കിലെ ഹോട്ടലുകളിലും കാന്റീനുകളിലും എല്ലാ മാസവും പ്രത്യേക സംഘം രൂപീകരിച്ചു പരിശോധന നടത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് താലൂക്കില്‍ തെക്കില്‍ വില്ലേജില്‍ ഭക്ഷ്യവിഷബാധയേറ്റ ഒരു കുട്ടി മരിച്ച സംഭവം താലൂക്ക് വികസന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തു. താലൂക്കിലെ എല്ലാ ഹോട്ടലുകളും സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കാന്റീനുകളും മറ്റും നിര്‍ബന്ധമായും എല്ലാ മാസവും പരിശോധന നടത്തണം. എല്ലാ മാസവും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍, റവന്യൂ, മുനിസിപ്പാലിറ്റി, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഒരു സംയുക്ത സ്ക്വാഡ് രൂപീകരിച്ച് പരിശോധന ശക്തമാക്കണമെന്നും വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ദേശീയപാതാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാതികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. തഹസില്‍ദാര്‍ എം.സി.അനുപമന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഹമീദ് പൊസളിഗെ, അഡ്വ.ടി.കെ.ഷെമീറ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അബ്ദുള്‍ റഹിമാന്‍ ബാങ്കോട്, കെ.എ.മുഹമ്മദ് ഹനീഫ, ഉബൈദുള്ള കടവത്ത്, കരുണ്‍ താപ്പ, ടി.കൃഷ്ണന്, മൂസ.ബി.ചെര്‍ക്കള, നാഷണല്‍ അബ്ദുള്ള, താലൂക്കിലെ വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.