പദവികളെച്ചൊല്ലി ബി ജെ പി യോഗത്തിൽ കൂട്ടത്തല്ലും കസേരയേറും: തമ്മിലടി നേതാക്കളുടെ മുന്നിൽവച്ച്
തമിഴ്നാട്: ബി ജെ പിയോഗത്തിൽ കൂട്ടയടിയും കസേരയേറും. തമിഴ്നാട്ടിലെ കല്ലുറിച്ചിയിൽ പാർട്ടി ജില്ലാ പ്രസിഡന്റ് സംഘടിപ്പിച്ച യോഗത്തിലാണ് പാർട്ടി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. രണ്ട് നേതാക്കളുടെ അനുയായികളാണ് ഏറ്റുമുട്ടിയതെന്നാണ് റിപ്പോർട്ട്.ഋഷിവന്ധ്യം, ശങ്കരപുരം, കള്ളക്കുറിച്ചി മണ്ഡലങ്ങളിലെ പദവികൾ സംബന്ധിച്ച് ചർച്ച ചെയ്യാനാണ് ശങ്കരപുരത്ത് യോഗം വിളിച്ചത്. യോഗത്തിൽ ഭാരവാഹികളുടെ പേരുകളിൽ ജില്ലാപ്രസിഡന്റ് ചില മാറ്റങ്ങൾ വരുത്തി. ഇതിനെത്തുടർന്ന് പാർട്ടിയിലെ ജില്ലയിലെ പ്രബല നേതാക്കളായ അരൂർ രവിയുടെ അനുയായികളും വെസ്റ്റ് യൂണിയൻ സെക്രട്ടറി രാമചന്ദ്രനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇരുവിഭാഗവും തമ്മിലുള്ള തർക്കം മൂത്ത് ഒടുവിൽ സംഘർഷത്തിലെത്തുകയായിരുന്നു. സംഭത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്.പരസ്പരം പോർവിളിക്കുന്നതിനൊപ്പം കസേര കൊണ്ട് എറിയുന്നതിന്റെയും അടിക്കുന്നതിന്റെയും ദൃശ്യങ്ങളും വീഡിയോയിൽ കാണാം, വേദിയിൽ കയറിയും ചിലർ അക്രമം കാണിക്കുന്നുണ്ട്.സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഘർഷത്തെക്കുറിച്ച് പാർട്ടി നേതൃത്വവും ഇതുവരെ പ്രതികരിച്ചിട്ടില്ല.