അഞ്ജുശ്രീ ആദ്യം ചികിത്സ തേടിയ ആശുപത്രിയ്ക്ക് വീഴ്ച പറ്റി; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്
കാസർകോട്: ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ അഞ്ജുശ്രീ ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. രണ്ട് തവണ ചികിത്സ തേടി എത്തിയെങ്കിലും ഭക്ഷ്യവിഷബാധ സംബന്ധിച്ച വിവരം ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.കഴിഞ്ഞ മാസം 31ന് ഹോട്ടലിൽ നിന്ന് ഓൺലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്ജുശ്രീയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷ നൽകി പറഞ്ഞുവിട്ടു. എന്നാൽ വീണ്ടും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ അടുത്ത ദിവസം അതേ ആശുപത്രിയിലെത്തി. ഭക്ഷ്യവിഷബാധയേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടിട്ടും ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നില്ല. ഇതിനുശേഷമാണ് അഞ്ജുശ്രീയെ മംഗളൂരുവിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. അവിടെ വച്ചാണ് പെൺകുട്ടി മരണപ്പെട്ടത്.കഴിച്ച ഭക്ഷണത്തിന്റെ സാമ്പിളുകൾ കിട്ടാൻ സാദ്ധ്യതയില്ലാത്തതിനാൽ അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി ഫോറൻസിക് ലാബിലേയ്ക്കയക്കും. പരിശോധനാ ഫലം ലഭിക്കുന്നതോടെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ അഞ്ജുശ്രീയുടെ ശരീരത്തിൽ അണുബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ആന്തരികാവയവങ്ങൾക്ക് ക്ഷയം സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.