സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന, ബിരിയാണിയിൽ പഴുതാരയെ കണ്ടെത്തി; ഗുരുതര വീഴ്ച കണ്ടെത്തിയ ആറ് ഹോട്ടലുകൾ അടച്ചുപൂട്ടി
എറണാകുളം: സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. കൊച്ചിയിൽ മുപ്പത്തിയാറ് ഹോട്ടലുകൾക്കെതിരെ നടപടിയെടുത്തു. ഇതിൽ ഗുരുതര വീഴ്ച കണ്ടെത്തിയ ആറ് ഹോട്ടലുകൾ അടച്ചുപൂട്ടി
ഫോർട്ടുകൊച്ചിയിലെ എ വൺ, മട്ടാഞ്ചേരിയിലെ കായാസ്, സിറ്റി സ്റ്റാർ, കാക്കനാട്ടെ ഷേബ ബിരിയാണി, ഇരുമ്പനത്തെ ഗുലാൻ തട്ടുകട, നോർത്ത് പറവൂരിലെ മജിലിസ് എന്നിവയാണ് അടച്ചുപൂട്ടിയത്. കായാസ് ഹോട്ടലിൽ ബിരിയാണിയിൽ പഴുതാരയെ കണ്ടെത്തി.
അതേസമയം, കോഴിക്കോട് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടരുന്നു. പഴകിയ ഭക്ഷണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച നാല് ഹോട്ടലുകൾ ഇന്നലെ പൂട്ടിച്ചിരുന്നു.
സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ രണ്ടുപേരാണ് ഭക്ഷ്യ വിഷബാധയേറ്റ് മരണമടഞ്ഞത്. കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കാസർകോട് സ്വദേശിനി അഞ്ജുശ്രീ പാർവതി ഇന്ന് രാവിലെയാണ് മരിച്ചത്. അൽഫാമിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് കോട്ടയം സ്വദേശിനി രശ്മി തിങ്കളാഴ്ച മരിച്ചിരുന്നു.