ന്യൂഡല്‍ഹി: ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സുപ്രിംകോടതി ഒന്‍പതംഗ ബെഞ്ചിന്റെ സിറ്റിങ് ഇന്ന് മുതല്‍. ശബരിമല യുവതിപ്രവേശന വിധി ജുഡിഷ്യറിയിലും പൊതുസമൂഹത്തിലും നിയമരംഗത്തും ഉയര്‍ത്തിയ ചോദ്യങ്ങളാണ് ഒന്‍പതംഗ ബെഞ്ച് രൂപീകരിക്കാന്‍ ഇടയാക്കിയത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ വിശാല ബെഞ്ച്, പരിഗണിക്കേണ്ട വിഷയങ്ങളിലും വാദത്തിന്റെ സമയക്രമത്തിലും ഇന്ന് തീരുമാനമെടുക്കും.
രാജ്യത്തിന്റെ വിശ്വാസ വിഷയത്തില്‍ അതീവ നിര്‍ണായകമായ തീരുമാനമായിരിക്കും ഇന്ന് തുടങ്ങുന്ന സിറ്റിങ്ങില്‍ ഉണ്ടാവുക. ശബരിമല യുവതി പ്രവേശനം, മുസ്ലിം പള്ളികളിലും പാഴ്സികളുടെ ഫയര്‍ ടെമ്ബിളിലും സ്ത്രീകള്‍ക്കുള്ള വിലക്ക്, ദാവൂദി ബോറാ സമുദായത്തിലെ സ്ത്രീകളുടെ ചേലാകര്‍മം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒരുമിച്ച് വാദം കേള്‍ക്കാന്‍ ഒരുങ്ങുകയാണ് സുപ്രിംകോടതിയുടെ ഒന്‍പതംഗ വിശാല ബെഞ്ച്.
ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും സമത്വവും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം, അനിവാര്യമായ ആചാരങ്ങളുടെ ധാര്‍മികത, ഭരണഘടനാ ധാര്‍മികതയുടെ വ്യാഖ്യാനം തുടങ്ങി ഏഴ് പരിഗണനാ വിഷയങ്ങള്‍ നേരത്തെ അഞ്ചംഗ ബെഞ്ച് നിശ്ചയിച്ചിരുന്നു. എന്നാല്‍, മുതിര്‍ന്ന അഭിഭാഷകര്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. അഭിഭാഷകര്‍ തമ്മില്‍ ധാരണയുണ്ടാക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിര്‍ദേശിച്ചെങ്കിലും സമവായമുണ്ടായില്ല. ഇതോടെ പരിഗണനാ വിഷയങ്ങള്‍ വിശാല ബെഞ്ച് നിശ്ചയിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് നിലപാടെടുത്തു.
മുതിര്‍ന്ന അഭിഭാഷകനായ വി.ഗിരി പരിഗണനാ വിഷയങ്ങളുടെ കരട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സമയപരിമിതി കാരണം ഒരു പരിഗണനാ വിഷയത്തില്‍ ഒരു മുതിര്‍ന്ന അഭിഭാഷകനെ മാത്രമേ വാദം പറയാന്‍ അനുവദിക്കുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.