മമ്മൂട്ടിയ്ക്കും ഷാരൂഖിനും ആസിഫിനും മിയ ഖലീഫയ്ക്കും മുസ്ലീം ലീഗിൽ അംഗത്വം; വിശദീകരണവുമായി പാർട്ടി നേതൃത്വം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ലീഗിന്റെ അംഗത്വ പട്ടികയിൽ മമ്മൂട്ടി, ഷാരൂഖ് ഖാൻ, മിയ ഖലീഫ, ആസിഫ് അലി തുടങ്ങിയവരുടെ പേരുകൾ വന്നത് വിവാദമായതോടെ വിശദീകരണവുമായി ലീഗ്. മെമ്പർഷിപ്പുമായി ബന്ധപ്പെട്ട ആപ്പ് ദുരുപയോഗം ചെയ്തുവെന്നാണ് ലീഗ് പറയുന്നത്.
നടന്നത് സൈബർ ആക്രമണമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം. അംഗങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിക്കാനുള്ള ശ്രമമെന്നാണ് സംഭവത്തിനെതിരെ ഉയരുന്ന ആക്ഷേപം. തിരുവനന്തപുരം നേമം മണ്ഡലത്തിലെ കളിപ്പാന്‍കുളം വാര്‍ഡിലാണ് മുസ്ലീംലീഗ് അംഗത്വ പട്ടികയില്‍ പിഴവ് സംഭവിച്ചത്. സംഭവത്തില്‍ പാർട്ടി നേതൃത്വം അന്വേഷണം ആരംഭിച്ചു.
ഡിസംബര്‍ 31നാണ് മുസ്ലീം ലീഗ് അംഗത്വ വിതരണം അവസാനിച്ചത്. വീടുകള്‍ സന്ദര്‍ശിച്ച് പാര്‍ട്ടി അംഗത്വം വിതരണം ചെയ്യാനാണ് ലീഗ് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നത്. ഇത്തരത്തില്‍ അംഗത്വം എടുക്കുന്നവരുടെ പേരും ആധാര്‍ നമ്പരും തിരിച്ചറിയല്‍ കാര്‍ഡ് നമ്പരും ഫോണ്‍ നമ്പരും നിര്‍ദ്ദിഷ്ട ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാനും നിര്‍ദേശിച്ചു. ഇതിനായി ഒരോ വാര്‍ഡിനും സൈറ്റ് അഡ്രസും പാസ്വേർഡും നല്‍കിയിരുന്നു. അംഗത്വ വിതരണത്തിന് ശേഷം കോഴിക്കോട്ടുള്ള ഐ ടി കോര്‍ഡിനേറ്റര്‍മാരാണ് ഇത് തുറന്ന് പരിശോധിച്ചത്.
ഇങ്ങനെ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ‘ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മിയ ഖലീഫയും’ ഒക്കെ ലീഗില്‍ അംഗത്വം നേടിയത് മനസിലായത്. പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് അംഗത്വ വിതരണം നടത്തിയത് എന്നാണ് ലീഗ് പറയുന്നത്. മുസ്ലീം ലീഗില്‍ തിരുവനന്തപുരത്ത് 59,551 പേര് അംഗമായി എന്നാണ് പാര്‍ട്ടി പറയുന്നത്. സംസ്ഥാനത്ത് ലീഗിന്റെ അംഗ സംഖ്യ 24.33 ലക്ഷമെന്നാണ് പുതിയ കണക്ക്. 2016നേക്കാള്‍ 2.33 ലക്ഷം അംഗങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അംഗങ്ങളില്‍ പകുതിയില്‍ ഏറെയും സ്ത്രീകളാണെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു.