വിമാനത്തിൽ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവം; ശങ്കർ മിശ്രയ്ക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി ഒപ്പമുണ്ടായിരുന്ന ഡോക്ടർ
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച വ്യവസായി ശങ്കർ മിശ്ര മദ്യപിച്ചിരുന്നതായി സഹയാത്രികൻ. താൻ പ്രശ്നത്തിലായെന്ന് മിശ്ര പറഞ്ഞതായി ഒപ്പം യാത്ര ചെയ്ത ഡോക്ടർ മൊഴി നൽകി. നാല് ഗ്ലാസ് മദ്യം മിശ്ര കഴിച്ചെന്നും സഹയാത്രികൻ പറഞ്ഞു. അതേസമയം, എയർ ഇന്ത്യയിലെ എട്ട് ജീവനക്കാരുടെ മൊഴി ഇന്നെടുക്കും. വിമാനക്കമ്പനി അതിക്രമത്തിന്റെ വിവരങ്ങൾ ഡിജിസിഎക്ക് കൈമാറിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വിമാനത്തിൽ വച്ച് മുതിര്‍ന്ന പൗരയോട് മോശമായി പെരുമാറിയ കേസിൽ ശങ്കർ മിശ്രയെ കമ്പനി പുറത്താക്കി. എയര്‍ ഇന്ത്യ വിമാനത്തിലെ സംഭവം വ്യോമയാന മേഖലക്ക് തന്നെ അപമാനമായെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ശന നപടികള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ പൈലറ്റ് , ക്യാബിന് ക്രൂ അംഗങ്ങള്‍ പരാജയപ്പെട്ടുവെന്ന് മന്ത്രാലയം കുറ്റപ്പെടുത്തി. സമാന സാഹചര്യം ഇനി ആവര്‍ത്തിച്ചാല്‍ ഇടപെടാന്‍ അമാന്തം പാടില്ലെന്നാണ് മാര്‍ഗരേഖ വ്യക്തമാക്കുന്നത്.