കാസര്‍കോടിനെ വലിച്ചെറിയല്‍ മുക്ത ജില്ലയാക്കുന്നതിനുള്ള നടപടികള്‍ 26ന് ആരംഭിക്കും
കാസർകോട് : മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞ് കാസര്‍കോടിനെ വലിച്ചെറിയല്‍ മുക്ത ജില്ലയാക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ജനുവരി 26ന് ആരംഭിക്കും. നവകേരളം കര്‍മ്മ പദ്ധതിയുടെ ജില്ലാതല മാലിന്യ പരിപാലനം ഏകോപന സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. നാല് ഘട്ടങ്ങള്‍ ആയിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ പ്രവര്‍ത്തക്ഷമവും കുറ്റമറ്റതുമാക്കുന്നതിനുള്ള പ്രത്യേക ഇടപെടല്‍ ജനുവരി 26 നു മുന്‍പായി നടത്തും. ജനുവരി 26 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ പ്രീമണ്‍സൂണ്‍ കാമ്പയിന് പ്രചരണം നടത്തും. ഒപ്പം പൊതുവിട ശുചീകരണം ഉറപ്പുവരുത്തും. മെയ്, ജൂണ്‍ മാസങ്ങളില്‍ ക്യാമ്പയിനുകള്‍, ബദല്‍ ഉത്പന്നങ്ങളുടെ പ്രചരണം, മേളകള്‍, നിയമനടപടികള്‍ തുടങ്ങിയവ ശക്തിപ്പെടുത്തും. ജൂലൈ- ഒക്ടോബര്‍ മാസങ്ങളില്‍ സമ്പൂര്‍ണ്ണ അജൈവ മാലിന്യശേഖരണ സംവിധാനം കാര്യക്ഷമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാതലത്തിലും പ്രാദേശികതലത്തിലും ക്യാമ്പയിന് കമ്മറ്റികള്‍ വിളിച്ചുചേര്‍ക്കും.
ജില്ലയിലെ 122 വില്ലേജുകളും ഒ.ഡി.എഫ് പ്ലസ് നിലവാരത്തില്‍ എത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. നിലവില്‍ 47 വില്ലേജുകളാണ് ഒ.ഡി.എഫ് പ്ലസ് വില്ലേജുകളായിട്ടുള്ളത്. ദ്രവമാലിന്യ സംസ്കരണത്തിനും, മിനി എം.സി.എഫുകള്‍ക്കും, എം.സി.എഫുകള്‍ക്കും പ്രൊജക്ടുകള്‍ തയ്യാറാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കും.
കക്കൂസ് മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ ഉതകുന്ന ഫീക്കല്‍ സ്ളഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ (എഫ്.എസ്.ടി.പി) സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ യോഗത്തില്‍ തീരുമാനമായി. നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങള്‍ ബേഡഡുക്ക, ചെറുവത്തൂര്‍, മീഞ്ച, മംഗല്പാടി,കയ്യൂര്‍ ചീമേനി, കാറഡുക്ക എന്നിവിടങ്ങളാണ്. സ്ഥലം ഏറ്റെടുക്കല്‍, പ്രൊജക്ട് തയ്യാറാക്കല്‍, ഡി.പി.ആര് തയ്യാറാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉടനടി ആരംഭിക്കും. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ നൂറുശതമാനം ആക്കുന്നതിനു ആവശ്യമായ നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ആയി. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ നേതൃത്വത്തില്‍ ബ്ലോക്ക് തലത്തില്‍ കണ്‍സോര്‍ഷ്യം പ്രസിഡണ്ട്, സെക്രട്ടറി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍, നോഡല്‍ ഓഫീസര്‍ എന്നിവരുടെ യോഗം ജനുവരി മാസത്തില്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് നല്‍കാനും തീരുമാനിച്ചു.
സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, ചടങ്ങുകള്‍, വിവിധ പരിപാടികള്‍ എന്നിവ ഹരിത ചട്ടം പാലിക്കണം. അല്ലാത്തപക്ഷം പിഴ ഈടാക്കാനും യോഗത്തില്‍ തീരുമാനമായി. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കാനും സമിതി നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ നവകേരളം കര്‍മ്മപദ്ധതി ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന് അധ്യക്ഷനായി. ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മി, എല്‍.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ കെ.നിധിഷ, ജില്ല പ്ലാനിങ് റിസര്‍ച്ച് അസിസ്റ്റന്റ് കെ.ഷീജ, ടെക്നിക്കല്‍ അസിസ്റ്റന്റ് പി.കുഞ്ഞി കൃഷ്ണന്, ക്ലീന്‍ കേരള കമ്പനി ജില്ല മാനേജര്‍ ബി.മിഥുന്, എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ സി.നാരായണന്, മുന്‍സിപ്പാലിറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി.അജിത്ത്, എ.പി.രഞ്ജിത്ത്, എ.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.