നഗര വസന്തം പുഷ്പമേള: മാദ്ധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു, ആർ കെ രമേശിന് പ്രത്യേക ജൂറി പരാമർശം
തിരുവനന്തപുരം: ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള റോസ് സൊസൈറ്റിയും ചേർന്ന് തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിച്ച നഗര വസന്തം പുഷ്പമേളയുടെ ഭാഗമായി ഏർപ്പെടുത്തിയ മാദ്ധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാദ്ധ്യമങ്ങളിലെ മികച്ച റിപ്പോർട്ടിംഗിന് കേരളകൗമുദിയിലെ ആർ കെ രമേശ് പ്രത്യേക ജൂറി പരാമർശം നേടി.മികച്ച അച്ചടി മാദ്ധ്യമ റിപ്പോർട്ടിംഗിനുള്ള അവാർഡിന് കലാകൗമുദിയിലെ ബി.വി. അരുൺകുമാർ അർഹനായി.ദൃശ്യമാദ്ധ്യത്തിലെ മികച്ച റിപ്പോർട്ടിനുള്ള അവാർഡിന് മീഡിയ വൺ റിപ്പോർട്ടർ ഷിജോ കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ വിൻസന്റ് പുളിക്കനാണ് മികച്ച ഫോട്ടോഗ്രാഫർ. മികച്ച ദൃശ്യമാദ്ധ്യമ ക്യാമറാമാനുള്ള അവാർഡിന് മീഡിയ വൺ ക്യാമറാമാൻ സാദിഖ് പാറക്കൽ അർഹനായി. ഫോട്ടോഗ്രഫിക്ക് മെട്രോ വാർത്തയിലെ കെ.ബി. ജയചന്ദ്രൻ പ്രത്യേക ജൂറി പരാമർശം നേടി. ഇന്ത്യ ടുഡേയിലെ ചന്ദ്രൻ ആര്യനാടിനാണ് ദൃശ്യമാധ്യമ രംഗത്തെ ക്യമാറാമാനുള്ള മികച്ച ജൂറി പരാമർശം ലഭിച്ചത്.എട്ടിന് വൈകിട്ട് നാലു മണിക്ക് ഹോട്ടൽ സൗത്ത് പാർക്കിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അവാർഡുകൾ സമ്മാനിക്കും.