ലോറികൾ നേർക്കുനേർ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; സംഭവസ്ഥലം സ്ഥിരം അപകടമേഖല.
മേൽപറമ്പ്: കെ എസ് ടി പി റോഡിൽ ലോറികൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. കട്ടക്കാലിൽ വെള്ളിയാഴ്ച പുലർചെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. കുന്താപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മീൻ ലോറിയും മലപ്പുറത്ത് നിന്ന് മംഗ്ളൂറിലേക്ക് ബേകറി സാധനങ്ങൾ എടുക്കാൻ വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു
ബേകറി ലോറി ഡ്രൈവർ മലപ്പുറം കരിപ്പൂർ പള്ളിക്കാൽ തൊട്ടുമ്മൽ ഹൗസിൽ അഹ്മദിന്റെ മകൻ ടികെ ശബീർ അലി (35) എന്ന കുഞ്ഞാപ്പു ആണ് മരിച്ചത്. ലോറി ക്ലീനർ ഹസീബ് (40) പരുക്കുകളോടെ രക്ഷപ്പെട്ടു. മീൻ ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി.
കൂട്ടിയിടിയിൽ ലോറികളുടെ മുൻഭാഗം പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ മേൽപറമ്പ് സിഐ ടി ഉത്തംദാസിൻ്റെ നേതൃത്വത്തിലുള്ള മേൽപറമ്പ് പൊലീസും അഗ്നിരക്ഷാസേനയും ലോറി വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും ശബീർ അല മരിച്ചിരുന്നു. മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
മേൽപ്പറമ്പ് ഒന്ന് താഴോട്ടു മാറി കട്ടക്കാലിലെ ഈ പ്രദേശം സ്ഥിരം അപകട മേഖലയാണ്. ഇവിടെ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ ഈ അപകടത്തോടുകൂടി എട്ടായി ഉയർന്നു.