സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിലെ പുതിയ വിഭവങ്ങൾക്കെതിരെ ബി ജെ പി, ലക്ഷ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പെന്ന് ആരോപണം
കൊൽക്കത്ത : പശ്ചിമബംഗാളിൽ സ്കൂൾകുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ചിക്കനും പഴവർഗങ്ങളും കൂടി ഉൾപ്പെടുത്താനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ. നിലവിൽ ഉച്ചഭക്ഷണമായി നൽകുന്ന അരി, ഉരുളക്കിഴങ്ങ്, സോയാബീൻ, മുട്ട എന്നിവയ്ക്ക് പുറമേയാണ് ചിക്കനും പഴങ്ങളും ആഴ്ചയിൽ ഒരിക്കൽ നൽകുന്നത്. പ്രാദേശികമായി ലഭ്യമായ പഴവർഗങ്ങളാവും ഉപയോഗിക്കുക
കുട്ടികളുടെ ശാരീരികവും ബുദ്ധിപരവുമായ വളർച്ചയ്ക്കുള്ള അധിക പോഷണം എന്നനിലയിലാണ് ഇവ നൽകുന്നതെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ ഈ വർഷം നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പും തുടർന്നുള്ള ലോക്സഭാ തിരഞ്ഞെടുപ്പും മുന്നിൽക്കണ്ടാണ് മമതാസർക്കാരിന്റെ നീക്കമെന്നാണ് പ്രതിപക്ഷം പറയുന്നത്. ഈ മാസം 23 മുതൽ ഏപ്രിൽ 23 വരെയുള്ള നാലുമാസത്തേക്കാണ് ചിക്കനും പഴങ്ങളും നൽകാൻ തീരുമാനിച്ചിരിക്കുന്നത്. അതിനുശേഷം വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു സൂചനയും സർക്കാർ നൽകാത്തതുതന്നെ ഇതിന് തെളിവാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
അധികപോഷണത്തിന് ഒരു കുട്ടിക്കുവേണ്ടി ഒരാഴ്ച ഇരുപതുരൂപമാത്രമാണ് ചെലവുവരുന്നത്. ഇതിനായി 371 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിന് കേന്ദ്രസഹായവും ലഭിക്കുന്നുണ്ട്. സംസ്ഥാന, എയ്ഡഡ് സ്കൂളുകളിലെ 1.16 കോടിയിലധികം വിദ്യാർത്ഥികൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളാണ്,ഇതിനായുള്ള ചെലവ് സംസ്ഥാനവും കേന്ദ്രവും 60:40 അനുപാതത്തിലാണ് പങ്കിടുന്നത്
വോട്ടുപിടിക്കാനാണ് ചിക്കനും പഴങ്ങളും നൽകുന്നത് എന്ന ആരോപണത്തെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് തള്ളിക്കളയുകയാണ്. എന്തിലും രാഷ്ട്രീയം കാണുന്നത് ബി ജെ പിയുടെ കുഴപ്പമാണെന്നാണ് തൃണമൂൽ കേന്ദ്രങ്ങൾ പറയുന്നത്. മമതാ ബാനർജി എപ്പോഴും സാധാരണക്കാരുടെ പക്ഷത്താണെന്നും പുതിയ തീരുമാനം ആ വസ്തുതയെ വീണ്ടും അരക്കിട്ടുറപ്പിക്കുകയാണെന്നും അവർ പറയുന്നു.