കൊല്ലത്ത് യുവതിയുടെ മരണം ബലാൽസംഗ ശ്രമത്തിനിടെ; മൊബൈലും പണവും പ്രതി കവർന്നതായി പൊലീസ്
കൊല്ലം: ആളൊഴിഞ്ഞ റെയിൽവെ കെട്ടിടത്തിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. യുവതി മരിച്ചത് പ്രതി നാസു നടത്തിയ ബലാൽസംഗ ശ്രമത്തിനിടെയാണെന്ന് തെളിഞ്ഞു. സംഭവം കൊലപാതകമാണ്, കൊലയ്ക്ക് ശേഷം പെൺകുട്ടിയുടെ മൊബൈൽ ഫോണും പണവും നാസു കവർന്നതായും പൊലീസ് പറയുന്നു.ഡിസംബർ 29ന് കാണാതായ കേരളപുരം സ്വദേശിയായ യുവതിയുടെ മൃതദേഹം ചെമ്മാമുക്കിലെ ആളൊഴിഞ്ഞ റെയിൽവെ കെട്ടിടത്തിൽ അഴുകിയ നിലയിലാണ് കണ്ടെത്തിയത്. കൊല്ലം ബിച്ചിൽ നിന്നും പ്രതി നാസു യുവതിയെ ഇവിടേക്ക് തന്ത്രപരമായി എത്തിച്ച് ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് മരണം.ലൈംഗികബന്ധത്തിനിടെ അപസ്മാരം വന്ന് യുവതി മരിച്ചുവെന്നാണ് കസ്റ്റഡിയിലെടുത്തപ്പോൾ പ്രതി നാസു മൊഴി നൽകിയത്. തന്റെയൊപ്പം ഉണ്ടായിരുന്നപ്പോൾ മരണം സംഭവിച്ചു എന്നറിയാതിരിക്കാൻ യുവതിയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കി എന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. മറ്റാരെങ്കിലും കൊലപ്പെടുത്തി എന്ന് വരുത്തിതീർക്കാനായിരുന്നു ഇത്. ആഹാരസാധനം ശ്വാസകോശത്തിൽ കുടുങ്ങിയാണ് മരണം എന്നാണ് ഡോക്ടറുടെ പ്രാഥമിക നിഗമനം. തലയുടെ ഇരുവശത്തും മാറിലും മുറിവേറ്റ പാടുകളുമുണ്ട്.പുതുവർഷതലേന്ന് കൊട്ടിയം പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ യുവതിയുടെ ഫോൺ പ്രതി നാസുവിൽ നിന്ന് കണ്ടെത്തിയിരുന്നു. ഫോൺ കളഞ്ഞുകിട്ടിയതാണെന്നാണ് നാസു അന്ന് പൊലീസിനെ അറിയിച്ചത്. ഫോണിൽ നിന്നും വിളിച്ച പൊലീസിന് യുവതിയുടെ വീട്ടിലേക്കാണ് കോൾ കിട്ടിയത്. ഇതോടെ അന്ന് ഫോൺ പിടിച്ചെടുത്ത ശേഷം ഇയാളെ പൊലീസ് പറഞ്ഞുവിട്ടു. എന്നാൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.