ചാൻസലർ ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കാൻ സാദ്ധ്യത , തനിക്ക് മുകളിലുള്ളവർ തീരുമാനം എടുക്കട്ടെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം : സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബില്ല് രാഷ്ട്രപതിക്ക് ?അയയ്ക്കാൻ സാദ്ധ്യത. ഇത് സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സൂചന നൽകി. ചാൻസലർ ബില്ലിൽ തനിക്ക് മുകളിലുള്ളർ തീരുമാനമെടുക്കട്ടെയെന്ന് ഗവർണർ പറഞ്ഞു. നയപ്രഖ്യാപനത്തിനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും സർക്കാരിന്റെ നടത്തിപ്പിൽ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും പറഞ്ഞു.അതേസമയം ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 16 ബില്ലുകളിലും ഗവർണർ ഇന്ന് ഒപ്പിട്ടു ചാൻസലർ ബില്ലിൽ ഗവർണർ നേരത്തെ നിയമോപദേശം തേടിയിരുന്നു. ബില്ലിൽ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെ നീക്കം. യു.ജി.സിയുടെ അഭിപ്രായവും ഗവർണർ തേടിയിട്ടുണ്ട്.വിദ്യാഭ്യാസം കൺകറന്റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രമായി തീരുമാനമെടുക്കാനാകില്ല എന്നായിരുന്നു ഗവർണറുടെ നിലപാട്. ചാൻസലർ സ്ഥാനത്ത് നീക്കുന്ന ബില്ലിൽ അതിവേഗം തീരുമാനമില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ദ്ധകുമായി കൂടിയാലോചന നടത്തിയാകും ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ ബില്ലിൽ ഉടനെ തീരുമാനം ഉണ്ടാകാൻ സാദ്ധ്യതയില്ല.ഡിസംബർ 13ന് നിയമസഭ പാസാക്കിയ ബിൽ 22നാണ് സർക്കാർ ഗവർണർക്ക് അയച്ചത്. ഒൻപത് ദിവസത്തിന് ശേൽം ബിൽ സർക്കാർ രാജ്ഭവന് കൈമാറുകയായിരുന്നു.