പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് ഹരിതകർമ്മ സേനയ്ക്ക് 50 രൂപ യൂസർ ഫീ നൽകേണ്ട എന്ന് പ്രചാരണം; പ്രതികരണവുമായി ജില്ലാ ശുചിത്വ മിഷൻ പ്ലാസ്റ്റിക്
തിരുവനന്തപുരം: പ്ലാസ്റ്റിക് നിർമാർജ്ജനത്തിനായി മാലിന്യ ശേഖരണം നടത്തുന്നതിന് ഹരിതകർമ്മ സേനയ്ക്ക് യൂസർഫീ നൽകുന്ന കാര്യത്തിൽ വ്യക്തത വരുത്തി ജില്ലാ ശുചിത്വ മിഷൻ. വീടുകളിൽ നിന്ന് പ്ളാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ഹരിതകർമ്മ സേനയ്ക്ക് തുടർന്നും 50 രൂപ പ്രതിമാസ ഫീയിനത്തിൽ നൽകണമെന്ന് ജില്ലാ ശുചിത്വ മിഷൻ അറിയിച്ചു. ഇനി മുതൽ യൂസർ ഫീ നൽകേണ്ടതില്ല എന്ന പ്രചാരണം വ്യാപകമായതിന് പിന്നാലെയാണ് പ്രതികരണം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകി വരുന്ന സേവനങ്ങൾക്കുള്ള അപേക്ഷയോടൊപ്പം ഹരിതകർമ്മ സേനയിൽ നിന്നും പ്ളാസ്റ്റിക് ശേഖരണത്തിന് നൽകുന്ന രസീതിന്റെ പകർപ്പും ഹാജരാക്കണമെന്ന് നിഷ്കർഷിക്കുന്ന സർക്കാർ ഉത്തരവിനെ സംബന്ധിച്ച് വിവരാവകാശ അപേക്ഷ ലഭിച്ചിരുന്നു. ഇതിന് നൽകിയ മറുപടി ദുർവ്യാഖ്യാനിച്ചതാണ് വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെന്നാണ് അധികൃതരുടെ വിശദീകരണം.2016-ൽ പുറപ്പെടുവിച്ച പ്ളാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ ചട്ടം 8 (3) പ്രകാരം തദ്ദേശസ്ഥാപനങ്ങൾ പാലിക്കുന്ന പ്ളാസ്റ്റിക് ബൈലോ പ്രകാരമുള്ള യൂസർഫീ വീടുകളും, സ്ഥാപനങ്ങളും നൽകാൻ ബാധ്യസ്ഥരാണ്. 2020 ഓഗസ്റ്റ് 12 ലെ സംസ്ഥാന സർക്കാർ ഉത്തരവിലും ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യൂസർഫീ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിൻ പ്രകാരം യൂസർഫീ നൽകാൻ കൂട്ടാത്തവർക്ക് സേവനം നിഷേധിക്കാൻ അധികൃതർക്ക് അധികാരമുണ്ട്.യൂസർഫീ ഒഴിവാക്കാനായി ഹരിതകർമ്മ സേനാംഗങ്ങൾക്ക് പ്ളാസ്റ്റിക് മാലിന്യം കൈമാറാതെയിരുന്നാലും പിഴ ഈടാക്കാവുന്നതാണ്. യൂസർഫീ നൽകാൻ മടിച്ച് പ്ളാസ്റ്റിക് മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താൽ 10,000 മുതൽ 50.000 രൂപ വരെ പിഴ ഈടാക്കാവുന്നതാണ്.