വ്യത്യസ്തത നിലനിർത്തുന്നതിലൂടെയാണ് ഭാഷയുടെയും സമൂഹത്തിന്റെയും നിലനിൽപ്പ്: സുനിൽ പി ഇളയിടം
കാസർകോട് :വ്യത്യസ്തത നിലനിർത്തുന്നതിലൂടെ മാത്രമേ ഭാഷയ്ക്കും സമൂഹത്തിനും നിലനിൽപ്പും അതീജീവനവുമുള്ളൂവെന്ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടം പറഞ്ഞു. ഗിളിവിണ്ടു ബഹുഭാഷാ സമ്മേളനത്തിന്റെ ഭാഗമായി കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പ്രാരംഭ സമ്മേളനത്തിൽ “ഭാഷ സമൂഹം ” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദഹം. ഭാഷയ്ക്ക് ഒരു പാട് ധർമ്മങ്ങളുണ്ട്. ഈ ധർമങ്ങളാണ് വാസ്തവത്തിൽ മനുഷ്യ വംശത്തെ സംബന്ധിച്ച് ഭാഷ വളരെ പ്രധാനപ്പെട്ടതാക്കുന്നത്. നാം സംസാരിക്കുന്ന ഭാഷ നമുക്കിടയിലെ ഉടമ്പടിയാണ്. മനുഷ്യനെ സാമൂഹ്യ ജീവിയാക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ആധാര സാമഗ്രി ഭാഷയയാണെന്നും അദ്ദേഹം പറഞ്ഞു.. മനുഷ്യനായിരിക്കുക എന്നതിന്റെ അർത്ഥം പൂർണമാകുന്നത് ഭാഷയിലായിരിക്കുക എന്ന് പറയുമ്പോഴാണ്. ഭാഷയെ ഒരു ഉപകരണമാക്കി ചുരുക്കാനുള്ള ശ്രമങ്ങൾ ലോകത്ത് നടക്കുകയാണ്. ഭാഷാ നഷ്ടം യഥാർത്ഥത്തിൽ സ്വത്വ നഷ്ടമാണ്. ആധുനിക ഇന്ത്യ എന്ന ആശയത്തിന്റെ അടി വേരായ ഭാഷായുടെയും സംസ്കാരത്തിന്റെയും മതത്തിന്റെയും എല്ലാത്തരം ജീവിത പ്രയോഗങ്ങളുടെയും തലത്തിൽ നിഷേധിക്കാനുള്ള വലിയ ശ്രമം നടക്കുന്ന കാലമാണ്. സംവാദ സ്ഥലങ്ങളെ ഇല്ലാതാക്കി ഭാഷയെ ഏകസ്വരങ്ങളാക്കുന്നതോ ഒരു സമൂഹത്തെ ഏക ഭാഷാ സമൂഹമാക്കി മാറ്റുന്നതോ ഒക്കെ ദുരധികാരത്തിന്റെ, സർവ്വാധിപത്യത്തിന്റെ കടന്നുവരവിന്റെ അടയാളമാണ്. ഭാഷയുടെയും സമൂഹത്തിന്റെയും അതിജീവനം പരസ്പര ബന്ധിതമാണെന്നും സുനിൽ പി ഇളയിടം പറഞ്ഞു.
കാസർകോടിന്റെ ഭാഷാ പ്രകൃതം എന്ന വിഷയത്തിൽ ഡോ രത്നാകരമല്ലമൂല പ്രഭാഷണം നടത്തി. ഓരോ സമുദായവും പിന്തുടർന്നത് ഓരോ ഭാഷാ രീതിയാണെന്നും ജില്ലയിൽ ഭാഷകളെ കേന്ദ്രീകരിച്ച് ഒട്ടേറെ ഗവേഷണ സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ അധ്യക്ഷത വഹിച്ചു.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ ,കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, കേരള സാഹിത്യ അക്കാദമി അംഗം ഇ.പി രാജഗോപാലൻ, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുൻ എം എൽ എ കെ.വി.കുഞ്ഞിരാമൻ , കേരള തുളു അക്കാദമി ചെയർമാൻ കെ.ആർ ജയാനന്ദ, കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം എം.കെ മനോഹരൻ , കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം കവി രാവുണ്ണി തുടങ്ങിയവർ പങ്കെടുത്തു. ഉമേഷ് എം സാലിയാൻ സ്വാഗതവും ജയചന്ദ്രൻ കുട്ടമത്ത് നന്ദിയും പറഞ്ഞു.