അധിക നാൾ കാത്തിരിക്കേണ്ട; രാമക്ഷേത്രം അടുത്ത വർഷം തുറക്കും, പദ്ധതി യാഥാർത്ഥ്യമാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അമിത് ഷാ
ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിനായി അധികനാൾ കാത്തിരിക്കേണ്ടി വരില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാമക്ഷേത്രം അടുത്ത വർഷം തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2024 ജനുവരി ഒന്നിന് ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കി രാജ്യത്തിനായി അർപ്പിക്കുമെന്ന് അദ്ദേഹം ത്രിപുരയിൽ നടക്കുന്ന രഥയാത്രയ്ക്കിടയിൽ പ്രഖ്യാപനം നടത്തുകയായിരുന്നു.ക്ഷേത്രം യാഥാർത്ഥ്യമാകുന്നതിന് പിന്നിൽ പ്രധാനമന്ത്രിയാണെന്നും കോൺഗ്രസ് നിർമാണം തടയാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം 171 അടി ഉയരം വരുന്ന ബൃഹത്തായ ക്ഷേത്രത്തിന്റെ നിർമാണമാണ് അയോദ്ധ്യയിൽ പുരോഗമിക്കുന്നത്. വർഷങ്ങളായി തർക്കപ്രദേശമായി നിലനിന്നിരുന്നിടത്ത് സ്ഥാപിക്കപ്പെടുന്ന രാമക്ഷേത്രം വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ അധികാര തുടർച്ച ഉറപ്പാക്കാനുള്ള പ്രചരണായുധമാക്കാനാണ് ബിജെപിയുടെ നീക്കം. അതിനാൽ തന്നെ 2024-ലെ ലോകസഭാ തിരഞ്ഞടുപ്പിന് മുന്നോടിയായി രാമക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. പ്രധാന ദിവസങ്ങളിൽ അഞ്ച് ലക്ഷം വരെ ഭക്തരെ ഉൾക്കൊള്ളാവുന്ന രാമക്ഷേത്രത്തിന്റെ വരവോടെ ലോകതീർത്ഥാടക ഭൂപടത്തിൽ അയോദ്ധ്യയ്ക്ക് പ്രമുഖമായ സ്ഥാനം കൈവരുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.