കുട്ടികളെ കാക്കാന്‍ മാ-കെയര്‍
കാസർകോട് :ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും കുട്ടികളെ കാക്കാന്‍ കുടുംബശ്രീയും ജില്ലാ പഞ്ചായത്തും കൈകോര്‍ക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീയുടെ സഹകരണത്തോടെയാണ് മാ-കെയര്‍ പദ്ധതി നടപ്പിലാക്കുന്നത്. ലഹരി വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിമുക്തി, യോദ്ധാവ്, കുടുംബശീ ജില്ലാ മിഷന്റെ സുരക്ഷാശ്രീ എന്നീ പദ്ധതികളുടെ തുടര്‍ച്ചയായാണ് മാ-കെയര്‍ പദ്ധതി. കൗമാരക്കാര്‍ക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മയക്കുമരുന്ന് ലോബികളില്‍ നിന്നും വിദ്യാര്‍ഥികളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഉച്ച നേരങ്ങളിലും ഇടവേള സമയങ്ങളിലും പല ആവശ്യങ്ങള്‍ക്കായി കുട്ടികള്‍ സ്കൂളിന് പുറത്ത് കടകളില്‍ പോകുന്നു. ഇത്തരം സാഹചര്യങ്ങളെയാണ് മയക്കുമരുന്ന് ലോബികള്‍ മുതലെടുക്കുന്നത്. കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ മറ്റു സാമഗ്രികളും സ്കൂളിനകത്തുതന്നെ ലഭ്യമാക്കുകയാണ് മാ-കെയര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ ചാേയ്യാത്ത്, പിലിക്കോട് എന്നീ സ്കൂളുകളില്‍ കിയോസ്കുകള്‍ സ്ഥാപിക്കും. കുടുംബശ്രീ വനിതാ സംരംഭകരുടെ മേല്‍നോട്ടത്തിലായിരിക്കും കിയോസ്കുകള്‍ സ്ഥാപിക്കുക. ന്യൂട്രിമിക്സ് ഭക്ഷണങ്ങളും മാ-കെയറില്‍ ലഭ്യമാക്കും. അടുത്ത വര്‍ഷം മുതല്‍ ജില്ലയിലെ മറ്റു സ്കൂളുകളിലും മാ-കെയര്‍ വ്യാപിപ്പിക്കും. ഇതിനായി സ്കൂളുകളില്‍ 300 ചതുരശ്ര അടിയില്‍ കെട്ടിടം നിര്‍മ്മിക്കും. സംരംഭ യൂണിറ്റായാണ് മാ-കെയര്‍ ആരംഭിക്കുക. 14 ലക്ഷം രൂപയാണ് പദ്ധതി തുകയായി കണക്കാക്കുന്നത്. ഇതില്‍ 7 ലക്ഷം സബ്സിഡിയായി നല്‍കും.
മയക്കുമരുന്ന് ലോബികളുടെ കൈകളില്‍ നിന്നും പുതു തലമുറയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയുമായി സഹകരിച്ച് മാകെയര്‍ പദ്ധതി തുടങ്ങുന്നത്. ഈ അധ്യയന വര്‍ഷത്തില്‍ രണ്ട് സ്കൂളുകളിലും അടുത്ത അധ്യയന വര്‍ഷം മുതല്‍ ജില്ലയിലെ മുഴുവന്‍ സ്കൂളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് പറഞ്ഞു.
ഒരു കുടുംബശ്രീ സംരംഭമെന്നതിലുപരി ഭാവി തലമുറയെ കാര്‍ന്നുതിന്നുന്ന വന്‍ വിപത്തില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് തണലൊരുക്കുകയെന്നാണ് മാകെയര്‍ പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യം വെക്കുന്നതെന്ന് കുടുംബശ്രീ എ.ഡി.എം.സി സി.എച്ച് ഇക്ബാല്‍ അറിയിച്ചു.