സജി ചെറിയാന് ആശ്വാസം, പൊലീസ് റിപ്പോർട്ട് പരിഗണിക്കരുതെന്ന തടസ ഹർജി കോടതി തള്ളി
തിരുവല്ല: മന്ത്രി സജിചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗം സംബന്ധിച്ച കേസിൽ അഡ്വ. ബൈജു നോയൽ തിരുവല്ല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ തടസ ഹർജി തള്ളി. പ്രസംഗത്തിൽ ഭരണഘടനാവിരുദ്ധ പരാമർശമില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ചതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബൈജു നോയൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിൽ തീരുമാനം ഉണ്ടാകുന്നതുവരെ പൊലീസ് നൽകിയ പരാതി തീർപ്പാക്കൽ അപേക്ഷ പരിഗണിക്കരുതെന്നും സജി ചെറിയാനെതിരെ നൽകിയിട്ടുള്ള ഹർജി തള്ളരുതെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്.അതേസമയം,സജിചെറിയാനെ വീണ്ടും മന്ത്രിയാക്കിയത് എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽ പറത്തിയെന്ന് ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ബിജെപി സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തിനെതിരെ നിയമ നടപടി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന ആക്ഷേപത്തെ തുടർന്ന് കഴിഞ്ഞ ജൂലായിൽ സ്ഥാനമൊഴിയേണ്ടി വന്ന സജി ചെറിയാൻ ഇന്നലെയാണ് വീണ്ടും മന്ത്രിയായി ചുമതലയേറ്റത്. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തപ്പോൾ, ഭരണഘടനയോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്ന വാചകം പ്രത്യേക ഊന്നൽ നൽകിയാണ് സജി വായിച്ചത്.സഗൗരവ പ്രതിജ്ഞയെടുത്താണ് മന്ത്രിയായത്. പ്രതിപക്ഷത്തെ നേതാക്കളാരും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നില്ല.സത്യപ്രതിജ്ഞയ്ക്ക് ശേഷം അനക്സ് ഒന്നിലെ നാലാം നിലയിലെ ഓഫീസിലെത്തി ചുമതലയേറ്റു. ആറ് മാസം മുമ്പ് മന്ത്രിയായിരുന്നപ്പോഴത്തെ ഓഫീസാണ് ലഭിച്ചത്.ഗവർണറും ഗവൺമെന്റിന്റെ തലവനായ ഗവർണറും ഒന്നാണെന്ന് മന്ത്രി സജിചെറിയാൻ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിച്ച് യോജിച്ച് മുന്നോട്ടു പോവുമെന്നും മന്ത്രി പറഞ്ഞു.