ശല്യം സഹിക്കാൻ വയ്യ, തെരുവുനായ്ക്കളെ വെടിവച്ചുകൊല്ലുന്നു, രണ്ടുദിവസത്തിനുള്ളിൽ തോക്കിനിരയായത് മുപ്പതെണ്ണം
പാട്ന: ശല്യം രൂക്ഷമായതിനെത്തുടർന്ന് ബീഹാറിൽ തെരുവുനായ്ക്കളെ വെടിവച്ചുകൊല്ലുന്നു. അധികൃതരുടെ ഉത്തരവിനെത്തുടർന്ന് കഴിഞ്ഞരണ്ട് ദിവസങ്ങളിലായി 30 തെരുവ് നായ്ക്കളെയാണ് പ്രത്യേക സംഘം വെടിവച്ച് കൊന്നത്. നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ ജില്ലാ ഭരണകൂടവും വനം-പരിസ്ഥിതി വകുപ്പും ചേർന്നാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ബച്ച്വാഡ, കദരാബാദ്, അർബ, ഭിഖാംചക്, റാണി പഞ്ചായത്തുകളിലാണ് നായ്ക്കളെ കൊന്നൊടുക്കിയത്. തെരുവുനായ്ക്കളെ കണ്ടെത്തി കൊല്ലാൻ നാട്ടുകാരും വേട്ടക്കാരെ സഹായിച്ചു.നായ്ക്കളുടെ ആക്രമണത്തിൽ പൊറുതിമുട്ടികഴിയുകയാണ് ജനങ്ങൾ. തെരുവുനായ്ക്കൾക്കൊപ്പം കാട്ടുനായ്ക്കളും ആക്രമിക്കാറുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്. കഴിഞ്ഞവർഷം നിരവധിപേർക്കാണ് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സ്ത്രീകളെയാണ് തെരുവുനായ്ക്കൾ കൂടുതലായി ആക്രമിക്കുന്നത്. പത്തിലധികം സ്ത്രീകൾ നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം പശു ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങളെയും നായ്ക്കൾ ആക്രമിക്കാറുണ്ട്. ഇതിനെത്തുടർന്നാണ് എങ്ങനെയും നായ്ക്കളുടെ ശല്യം ഒഴിവാക്കണമെന്ന ആവശ്യവുമായി കർഷകർ ഉൾപ്പടെയുള്ള ഗ്രാമവാസികൾ അധികൃതരെ സമീപിച്ചത്. അധികൃതർ രൂപീകരിച്ച പ്രത്യേക സംഘത്തിന് മാത്രമാണ് നായ്ക്കളെ വെടിച്ചുകൊല്ലാനുള്ള അനുമതി ഉള്ളത്.കേരളത്തിൽ ഉൾപ്പടെ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാണെങ്കിലും അവയെ കൊല്ലാനുള്ള അനുമതിയില്ല. കേരളത്തിൽ നാട്ടിലിറങ്ങി ശല്യമുണ്ടാക്കുന്ന കാട്ടുപന്നികളെ മാത്രമാണ് വെടിവച്ചുകൊല്ലാൻ അനുമതിയുള്ളത്. പ്രത്യേക ലൈസൻസുള്ളവർക്കുമാത്രമാണ് ഇതിനും അനുമതി.