കൊടൈക്കനാലിൽ കാണാതായ യുവാക്കളെ കണ്ടെത്തി
കൊടൈക്കനാൽ വനത്തിനുള്ളിൽ കാണാതായ രണ്ട് യുവാക്കളെ കണ്ടെത്തി. ഈരാറ്റുപേട്ട തേവരുപാറ സ്വദേശികളായ അല്‍ത്താഫ് (23), ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് കണ്ടെത്തിയത്. വനത്തിനുള്ളിൽ നിന്നും ആണ് ഇവരെ കണ്ടെത്തിയത്. ഈരാറ്റുപേട്ടയില്‍ നിന്നും കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലുണ്ടായിരുന്നവരാണിവർ. രണ്ട് ദിവസം മുൻപ് കാണാതായ ഇവർക്കായി തിരച്ചിൽ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് കൊടൈക്കനാൽ പൂണ്ടിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള കത്രികാവട എന്ന വനത്തിൽ നിന്നും ഇവരെ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് ഇവര്‍ കൊടൈക്കനാലിലേയ്ക്ക് പോയത്.
മരം വെട്ടുകരാണ് യുവാക്കളെ കണ്ടത്തിയത്. മരംവെട്ടുകാർ വനമേഖലയിൽ ഫയർ ലൈൻ തെളിക്കുന്നവരെ വിവരം അറിയിക്കുകയും അവർ വനപാലകരെ വിവരം അറിയിക്കുകയുമായിരുന്നു. യുവാക്കളെ കൊടൈക്കനാലിൽ എത്തിച്ചു. പൂണ്ടി മേഖല മയക്കുമരുന്നിന്റെ കേന്ദ്രമാണ്. കാട്ടുപോത്ത്, ആന എന്നിവയും വ്യാപകമായി കാണപ്പെടുന്ന സ്ഥലമാണ്. സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.