കൊല്ലത്തെ യുവതിയുടെ മരണത്തിന് കാരണം ലൈംഗിക ബന്ധത്തിനിടെയുണ്ടായ അപസ്മാരം തന്നെയോ? പ്രതിയായ ഇരുപത്തിനാലുകാരനുമായി തെളിവെടുപ്പ്
കൊല്ലം: കാണാതായ യുവതിയെ കൊല്ലം ചെമ്മാംമുക്കിന് സമീപത്തെ റെയിൽവേ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതക സാദ്ധ്യത പരിശോധിച്ച് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.
യുവതിയുടെ ശ്വാസനാളത്തിൽ എന്തോ കുടുങ്ങിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, കേസിൽ അറസ്റ്റിലായ അഞ്ചൽ സ്വദേശി നാസുവുമായി (24) പൊലീസ് തെളിവെടുപ്പ് നടത്തി. കൊല്ലം ബീച്ചിലും യുവതിയുടെ മൃദേഹം കണ്ടെത്തിയ സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തിയത്. പോക്സോ കേസിലടക്കം പ്രതിയാണ് ഇയാൾ.കൊറ്റങ്കര മാമൂട് പുളിമൂട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഉമ പ്രസന്നനെ (32)യാണ് കഴിഞ്ഞ ദിവസമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ദിവസങ്ങൾക്ക്മുമ്പാണ് പ്രതിയും യുവതിയും പരിചയപ്പെട്ടത്. ഇരുപത്തിയൊൻപതാം തീയതി ഇരുവരും കൊല്ലം ബീച്ചിലെത്തി. തുടർന്ന് ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിലേക്ക് പോകുകയായിരുന്നു. ഇവിടെവച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതേത്തുടർന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി. യുവതിയുടെ ശരീരത്തിൽ ബ്ലേഡുപയോഗിച്ച് മുറിവുണ്ടാക്കിയതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
ക്വാർട്ടേഴ്സിന്റെ പിറകിലത്തെ മുറിയിൽ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു യുവതിയുടെ മൃദേഹം. പൂർണ നഗ്നമായ മൃദേഹത്തിന്റെ തലയുടെ ഇടത് ഭാഗത്തും വലത് മാറിന് താഴെയുമായി പത്ത് സെന്റിമീറ്റർ നീളത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. തറയിൽ രക്തം വാർന്ന് ഉണങ്ങിപ്പിടിച്ചിട്ടുണ്ട്. ക്വാർട്ടേഴ്സ് പരിസരത്തുനിന്ന് ദുർഗന്ധം ഉയർന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.