പ്രവാസിയെ തട്ടിക്കൊണ്ട് പോയി മയക്ക് മരുന്ന് നല്കി മര്‍ദ്ദിച്ച് നഗ്നവീഡിയോ പകര്‍ത്തിയ സംഭവം
എടപ്പാൾ: കോലളമ്പ് സ്വദേശിയായ പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി മയക്ക് മരുന്ന് നൽകി കെട്ടിയിട്ട് മർദ്ദിച്ച് നഗ്ന വീഡിയോ പകർത്തിയ സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത ആളടക്കം മൂന്ന് പേരെ ചങ്ങരംകുളം പൊലീസ് പിടികൂടി. കാളാച്ചാൽ സ്വദേശി പുല്ലൂര്‍ വളപ്പിൽ നിസാമുദ്ധീൻ(22), കോലളമ്പ് കോലത്ത് സ്വദേശി വാക്കുളങ്ങര അസ്ലം (22) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരു കൗമാരക്കാരനെയുമാണ് ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 11 പേരടക്കം 21 പേർക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കി.
വിദേശത്ത് നിന്ന് ലീവിന് വന്ന കോലളമ്പ് സ്വദേശിയായ ഫർഹൽ അസീസിനെ കഴിഞ്ഞ ഡിസംബർ 24 ന് വൈകീട്ട് 7 മണിയോടെ സുഹൃത്തിന്റെ സഹോദരിയുമായുള്ള സൗഹൃദത്തെ കുറിച്ച് ചോദിക്കാനെന്ന് പറഞ്ഞാണ് സുഹൃത്തുക്കളായ രണ്ട് പേർ ചേർന്ന് ബൈക്കിലെത്തി കൂട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് രാത്രി കോലളമ്പിലെ വയലിൽ വച്ച് നേരം പുലരുവോളം സംഘം ചേര്‍ന്ന് ഫര്‍ഹലിനെ മർദ്ദിച്ച ശേഷം കാളാച്ചാലിലെ സുഹൃത്തിന്റെ വീട്ടിലെ അടച്ചിട്ട മുറിയിൽ വെച്ചും മർദ്ദനം തുടർന്നു. ഇതിനിടെ മൊബൈലും കൈയ്യിലുള്ള പണവും രേഖകളും സംഘം കവർന്നു. തുടര്‍ന്ന് പൂർണ്ണ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ചു. പിറ്റേ ദിവസം വൈകിയിട്ട് രാത്രി 10 മണിയോടെ ശരീരം മുഴുവൻ പരിക്കേറ്റ നിലയില്‍ സ്വന്തമായി എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ഫര്‍ഹലിനെ ചങ്ങരംകുളം കോലിക്കരയിൽ ഇവർ താമസിക്കുന്ന വാടക വീട്ടിന്റെ മുന്നില്‍ ബൈക്കിലെത്തിയ സംഘം ഉപേക്ഷിക്കുകയായിരുന്നു
ഇവരുടെ ഭീഷണി ഭയന്ന് ബൈക്കിൽ നിന്ന് വീണതാണെന്നാണ് യുവാവ് വീട്ടുകാരോട് പറഞ്ഞത്. ഇതേതുടർന്ന് ബന്ധുക്കൾ ഇയാളെ കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. എന്നാൽ, തിരിച്ച് വീട്ടിലെത്തിച്ച യുവാവിന് സ്വന്തമായി എഴുന്നേല്ക്കാന് പോലും കഴിയാതെ വന്നപ്പോളാണ് വീട്ടുകാര്‍ ഫര്‍ഹലിന്റെ ശരീരത്തിലെ അടിയേറ്റത് പോലുള്ള പാടുകൾ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ നിരന്തരം ചോദിച്ചപ്പോഴാണ് യുവാവ് സംഭവം പുറത്ത് പറയുന്നത്. ശരീരമാസകലം ക്ഷതമേറ്റ യുവാവിന്റെ കൈയുടെ എല്ലില്‍ മൂന്നോളം സ്ഥലങ്ങളിൽ പൊട്ടലുണ്ട്. ശരീരത്തിന്റെ പല സ്ഥലത്തും ബ്ലൈഡ് ഉപയോഗിച്ച് മുറിവേൽപിച്ച പാടുകളുമുണ്ട്. സംഭവം പുറത്ത് പറഞ്ഞാൽ നഗ്നവീഡിയോ പുറത്ത് വിടുമെന്നും ജീവിക്കാൻ സമ്മതിക്കില്ലെന്നും സംഘം ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു. ലഹരി ഉപയോഗിച്ചിരുന്ന സംഘം രാസലഹരിയായ എംഡിഎംഎ തന്റെ മൂക്കിലേക്ക് വലിപ്പിച്ച ശേഷമാണ് കെട്ടിയിട്ട് ക്രൂരമായി മർദ്ധിച്ചതെന്നും യുവാവ് പറഞ്ഞു. പ്രതികൾ സമാനമായ പല കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറയുന്നു. പിടിയിലായ പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു