സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈ സ്വദേശിയായ വ്യവസായി; അറസ്റ്റ് ഉടനുണ്ടാകും
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ സഞ്ചരിക്കവെ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിക്കുകയും ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തു. മുംബൈയില്‍ നിന്നുള്ള വ്യാപാരിയായ ശേഖര്‍ മിശ്രയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉടന്‍ തന്നെ അറസ്റ്റുണ്ടാവുമെന്നുമാണ് വിവരം.
യാത്രക്കാരിയായ സ്ത്രീയുടെ പരാതിയില്‍ പോലീസ് ബുധനാഴ്ച പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 510, 509, 294, 354 വകുപ്പുകളും വ്യോമയാന നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവുലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിമാനക്കമ്പനി ഡിസംബര്‍ 28-ന് അറിയിച്ചതിനെത്തുടര്‍ന്ന് പ്രാഥമികമായ വിവരങ്ങള്‍ തങ്ങള്‍ തേടിയിരുന്നതായി പോലീസ് അറിയിച്ചു. എന്നാല്‍, അതിക്രമത്തിന് ഇരയായ സ്ത്രീയുടേയോ കുറ്റാരോപിതന്റേയോ വിവരങ്ങള്‍ നല്കാന് കമ്പനി തയ്യാറായില്ലെന്നും പോലീസ് പറയുന്നു.
അമിതമായി മദ്യപിച്ചിരുന്ന ശേഖര്‍ മിശ്ര ശൗചാലയം ലക്ഷ്യമാക്കി സീറ്റില്‍ നിന്ന് എഴുന്നേല്ക്കുകയും, സ്വബോധത്തില്‍ അല്ലാതിരുന്നതിനെത്തുടര്‍ന്ന് ശൗചാലയമാണെന്ന് കരുതി യാത്രക്കാരുടെ സീറ്റിലേക്ക് മൂത്രമൊഴിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്യും.
നവംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മദ്യലഹരിയിലായിരുന്ന സഹയാത്രക്കാരന് തന്റെ ദേഹത്ത് മൂത്രമൊഴിക്കുകയും ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയായുമായിരുന്നെന്നാണ് പരാതി. വിമാനത്തിലെ ജീവനക്കാരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കമ്പനിക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു.