ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ സൂചകമായി തുടരുന്ന ഷഹീന്‍ബാഗിലെ സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്. ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഷഹീന്‍ബാഗിലെ സമരപന്തല്‍ പൊളിക്കുമെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള സമരമാണ് ഷഹീന്‍ബാഗില്‍ നടക്കുന്നതെന്നും മുരളീധരന് പറഞ്ഞു.
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയമായിരുന്നു ഷഹീന്‍ബാഗ് സമരം. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മലയാളി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കുകയാണ് ബിജെപി.മലയാളി വോട്ടുതേടിയെത്തിയ കേരളത്തിലെ നേതാക്കള്‍ക്കും പറയാനുള്ളത് ഷഹീന്‍ബാഗിനെ കുറിച്ചാണ്. പൗരത്വഭേദഗതി നിയമത്തിന് പുറമെ ശബരിമല വിഷയവും മറ്റൊരു ആയുധമാണ് ബിജെപിക്ക്. മെഹ്റോളി, ആര്.കെ.പുരം, സീമാപുരി, ദില്‍ഷാദ് ഗാര്ഡന് തുടങ്ങിയ സ്ഥലങ്ങളിലാണ് സംസ്ഥാനനേതാക്കളുടെ പ്രചാരണം.