സംവിധായികയുടെ മരണം: വാതില്‍ അകത്തുനിന്നു പൂട്ടിയിരുന്നോ? വ്യക്തതയില്ലാതെ പോലീസ്
വാതില്‍ അമര്ന്നിരുന്നതാകാമെന്ന സാധ്യതയും പരിശോധിക്കും. അതേസമയം വാതില്‍ തുറക്കാതെ തന്നെ ഹാളിലേക്ക് എത്താനും പുറത്തേക്കുപോകാനും കഴിയുംവിധമുള്ള ബാല്‍ക്കണി ഈ വീട്ടിലുള്ളത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: നയനയുടെ മൃതദേഹം ആദ്യം കണ്ട സുഹൃത്ത് മെറിന് മാത്യുവിനെ കമ്മിഷണര്‍ എച്ച്.നാഗരാജുവിന്റെ നേതൃത്വത്തില്‍ മൂന്നര മണിക്കൂറോളം ചോദ്യംചെയ്തു. നയനയുടെ മൃതദേഹം കണ്ട താമസസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പും നടത്തി. ഡി.സി.പി. വി.അജിത്ത്, അസിസ്റ്റന്റ് കമ്മിഷണര്‍ ജെ.കെ.ദിനില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രധാനമായും നയന കിടന്നിരുന്ന മുറി അകത്തുനിന്ന് കുറ്റിയിട്ടിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് പോലീസ് ശ്രമിച്ചത്. ശക്തിയായി കൈകൊണ്ട് തള്ളിത്തുറക്കുകയായിരുന്നു എന്ന മൊഴി മെറിന് ആവര്‍ത്തിച്ചു. താമസസ്ഥലത്തെത്തിയ സംഘം വാതിലുകള്‍ പരിശോധിച്ചു. വാതിലിന് മുകളില്‍ ഓടമ്പലാണുള്ളത്. മുറി അകത്തുനിന്ന് പൂട്ടിയിരുന്നില്ല എന്ന നിഗമനത്തിലേക്ക് പോലീസ് അടുക്കുന്നതായാണ് സൂചന.
വാതില്‍ അമര്ന്നിരുന്നതാകാമെന്ന സാധ്യതയും പരിശോധിക്കും. അതേസമയം വാതില്‍ തുറക്കാതെ തന്നെ ഹാളിലേക്ക് എത്താനും പുറത്തേക്കുപോകാനും കഴിയുംവിധമുള്ള ബാല്‍ക്കണി ഈ വീട്ടിലുള്ളത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
2019 ഫെബ്രുവരിയിലാണ് നയനയെ ഇവിടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ ഇവിടെ വേറെ വാടകക്കാരാണ് താമസം. നയന കിടന്നിരുന്ന മുറിയിലെ കട്ടില് ഉള്‍പ്പെടെ ഇവിടെ ഇപ്പോഴില്ല.
അവള് ഒരിക്കലും സ്വയം ജീവനൊടുക്കില്ല.
തിരുവനന്തപുരം: ഗുരുവായ ലെനിന് രാജേന്ദ്രന്റെ മരണം ഏറെ ഉലച്ചിരുന്നെങ്കിലും മനോബലമുള്ള നയന ഒരിക്കലും സ്വയം ജീവനൊടുക്കില്ല എന്ന് സുഹൃത്ത് മെറിന് മാത്യു പറയുന്നു. മുറിക്കുള്ളില്‍ താഴത്ത് കമഴ്ന്നുകിടന്നനിലയിലാണ് നയനയെ കണ്ടതെന്നും നയനയുടെ അടുത്ത സുഹൃത്തായ മെറിന് പറഞ്ഞു.രാവിലെ മുതല്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കാതായതോടെയാണ് നയനയുടെ രണ്ടു സുഹൃത്തുക്കള്‍ തന്നെയുംകൂട്ടി ആ വീട്ടിലെത്തിയത്. വീട്ടുടമ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുന്‍വാതില്‍ തുറന്നു. അകത്തെ മുറി ഉള്ളില്‍നിന്ന് പൂട്ടിയതുപോലെ തോന്നി. അപ്പോള്‍തന്നെ പോലീസിനെ വിളിച്ചെങ്കിലും വാതില്‍ തുറന്നുകൊള്ളാന്‍ പറഞ്ഞു. രണ്ടുമൂന്നു തവണ ഞങ്ങള്‍ കൈകൊണ്ട് ശക്തമായി തള്ളിയപ്പോള്‍ വാതില്‍ തുറന്നു. അപ്പോഴത്തെ സാഹചര്യത്തില്‍ പൂട്ട് ഇട്ടിരുന്നതാണോ എന്നൊന്നും ശ്രദ്ധിച്ചില്ല. താഴത്ത് പായില്‍ കമഴ്ന്നുകിടക്കുകയായിരുന്നു നയന. എത്രയുംപെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക എന്നതു മാത്രമായിരുന്നു ഞങ്ങളുടെ ചിന്ത. -മെറിന് പറഞ്ഞു.
പോലീസ് തിരികെക്കൊടുത്ത നയനയുടെ ലാപ്ടോപ്പ് ശൂന്യം, മൊബൈലിൽ സന്ദേശങ്ങൾ ഒന്നുപോലുമില്ല
തിരുവനന്തപുരം: അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സൂക്ഷിച്ചിരുന്ന നയനയുടെ ലാപ്ടോപ്പ് തിരികെ ബന്ധുക്കൾക്കു കൈമാറിയത് മുഴുവൻ േഡറ്റയും മായ്ച്ചനിലയിൽ. മൊബൈൽഫോണിലെ മുഴുവൻ സന്ദേശങ്ങളും നശിപ്പിച്ചിരുന്നു. കേസ് തന്നെ മായ്ച്ച് കളയാൻ പോലീസ് ശ്രമിച്ചുവെന്ന സംശയം കൂടുതൽ ബലപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
നയനയുടെ മരണത്തിനുശേഷം നിരവധിതവണ മ്യൂസിയം പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയ ജ്യേഷ്ഠൻ മധുവിന് എട്ടുമാസം കഴിഞ്ഞാണ് സഹോദരിയുടെ വസ്തുവകകൾ പോലീസ് കൈമാറിയത്. ലാപ്ടോപ്പ്, മൊബൈൽഫോൺ, വസ്ത്രങ്ങൾ തുടങ്ങിയവയായിരുന്നു അത്. വീട്ടിലെത്തി തുറന്നപ്പോഴാണ് ലാപ്ടോപ്പ് ശൂന്യമാണ് എന്നറിയുന്നത്. സംവിധായികയായ നയനയുടെ ലാപ്ടോപ്പിൽ നിറയെ സിനിമകളും ചിത്രങ്ങളും വിവരങ്ങളുമൊക്കെയുണ്ടെന്ന് വീട്ടുകാർക്കറിയാം. ഇവയെല്ലാം പൂർണമായും മായ്ച്ചനിലയിലാണ് തിരികെ കിട്ടിയത്. മൊബൈൽ പരിശോധിച്ചപ്പോൾ മെസേജുകൾ പൂർണമായും മായ്ച്ചിട്ടുണ്ട്. എന്നാൽ, കോൺടാക്ട് നമ്പരുകളും മറ്റും ഉണ്ട്.
തിരികെ നൽകിയ തുണികളുടെ കൂട്ടത്തിൽ നയന കഴുത്തിൽ കുടുക്കിയത് എന്നുപറഞ്ഞ് പോലീസ് കാണിച്ചത് ചുരുട്ടിയ നിലയിലുള്ള ജനാല കർട്ടൻ ആയിരുന്നു. മഹസറിൽ ഇങ്ങനെയൊരു കർട്ടൻ ഇല്ല. പകരം ചുരുട്ടിയ നിലയിൽ പുതപ്പ് ഉണ്ടായിരുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നയന എപ്പോഴും കൂടെ കരുതുമായിരുന്ന, മൊബൈൽ ചാർജ് ചെയ്യുന്ന പവർബാങ്ക് തിരികെ നൽകിയ സാധനങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. വിദേശത്തുനിന്നു സുഹൃത്ത് സമ്മാനമായി നൽകിയ ഈ പവർബാങ്ക് നയനയ്ക്ക് പ്രിയപ്പെട്ടതായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മരണം നടന്ന ദിവസം പോലീസിനൊപ്പം നയന താമസിച്ചിരുന്ന മുറിയിലെത്തിയ താൻ മുറി നിറയെ പല വസ്തുക്കളും കണ്ടിരുന്നുവെന്ന് പറയുന്നു. എന്നാൽ, പോലീസിന്റെ പട്ടികയിലോ തിരികെ നൽകിയവയുടെ കൂട്ടത്തിലോ അവയൊന്നുമുണ്ടായിരുന്നില്ല.