ന്യൂഡല്‍ഹി: ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ വീണ്ടും വെടിവയ്പ്പ്. ബൈക്കിലെത്തിയ അജ്ഞാതസംഘമാണ് വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വെടിവയ്പ്പ് നടത്തിയ രണ്ടംഗ അജ്ഞാതസംഘം രക്ഷപ്പെട്ടെന്നാണ് സൂചനയെന്ന് വാര്‍ത്ത ഏജന്‍സി പി ടി ഐ ട്വീറ്റ് ചെയ്തു.
ജാമിയയിലെ അഞ്ചാം നമ്ബര്‍ ഗേറ്റിന് സമീപത്താണ് വെടിവയ്പ്പ് നടന്നത്. ക്യാമ്ബസിന് മുന്നിലെ വെടിവയ്പ്പില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ രാത്രിതന്നെ രംഗത്തെത്തിയിട്ടുണ്ട്. അക്രമികളെ പിടികൂടണമെന്നതാണ് ആവശ്യം.
ഇത് രണ്ടാം തവണയാണ് ജാമിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പ് ഉണ്ടാകുന്നത്. ബജ്റംഗ്ദള്‍ പ്രവത്തകനായിരുന്നു ആദ്യതവണ വെടിവെപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം ഷഹീന് ബാഗിലെ സമരക്കാര്‍ക്ക് നേരെയും വെടിവെപ്പ് നടന്നിരുന്നു.
ഷഹീന് ബാഗില്‍ വെടിവയ്പ്പ് നടത്തിയ പ്രതിയെ കോടതി രണ്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഡല്‍ഹി സാകേത് കോടതിയാണ് പ്രതി കപില്‍ ഗുജ്ജാറിനെ റിമാന്‍ഡ് ചെയ്തത്. ഇയാള്‍ക്ക് ഏതെങ്കിലും സംഘനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ഡിസിപി ചിന്മയ് ബിസ്വാള്‍ പറഞ്ഞു.