ഭർത്താവിനെ ഭീഷണിപ്പെടുത്താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഗർഭിണിയുടെ നില ഗുരുതരം, മരിച്ച കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
പാറശാല: ജവാനായ ഭർത്താവിനെ ഭീഷണിപ്പെടുത്തുന്നതിനായി ആത്മഹത്യയ്ക്ക് ശ്രമിച്ച ഗർഭിണിയുടെ നില ഗുരുതരമായി തുടരുന്നു. മൂന്ന് ദിവസമായി ഉദരത്തിൽ മരിച്ചുകിടക്കുന്ന കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പറഞ്ഞു.പാറശാല മുരിയങ്കരയിലെ അരുണിമയാണ് (27) ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭർത്താവ് അജയ് പ്രകാശ് മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്.പട്ടാളക്കാരനായ ഭർത്താവ് അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കെയായിരുന്നു അപകടം. പൊള്ളലേറ്റ ആരുണിമയെ ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ ഗ്യാസ് പൊട്ടിത്തെറിച്ചത് കാരണം അപകടം ഉണ്ടായതെന്നാണ് അജയ് പ്രകാശ് ആശുപത്രി അധികൃതരോട് പറഞ്ഞത്. പിന്നീട് രോഗിയുടെ നില ഗുരുതരമായപ്പോൾ അരുണിമയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെത്തുടർന്ന് പാറശാലയിലെ വീട് പൊലീസ് സീൽ ചെയ്തിട്ടുണ്ട്. അരുണിമയുടെ മൊഴി മജിസ്ട്രേറ്റടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. ഭർത്താവിനെ പേടിപ്പിക്കാനാണ് താൻ ഇങ്ങനെ ചെയ്തതെന് അരുണിമ മൊഴി നൽകിയതായി പിതാവ് പറഞ്ഞിരുന്നു.