ബീച്ചിൽ വച്ച് പരിചയപ്പെട്ടു, ലൈംഗിക ബന്ധത്തിനിടെ അപസ്മാരം വന്നു: കൊല്ലത്ത് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ
കൊല്ലം: ഒരാഴ്ച മുമ്പ് കാണാതായ കൊറ്റങ്കര മാമൂട് പുളിമൂട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഉമ പ്രസന്നനെ (32) കൊല്ലം ചെമ്മാംമുക്കിന് സമീപത്തെ റെയിൽവേ ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റുചെയ്തു. അഞ്ചൽ സ്വദേശി നാസുവിനെയാണ് (24) അറസ്റ്റുചെയ്തത്.നേരത്തേ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. യുവതിയെ മരണത്തിലേക്ക് എത്തിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ച് കൂടുതൽ വകുപ്പുകൾ ചുമത്തും. ഇയാളെ കൂടുതൽ ചോദ്യംചെയ്തുവരികയാണ്.
കഴിഞ്ഞ മാസം 29ന് കൊല്ലം ബീച്ചിൽ വച്ച് യുവതിയെ പരിചയപ്പെട്ടുവെന്നാണ് നാസു പൊലീസിനു നൽകിയിരിക്കുന്ന മൊഴി.ഇതിനുശേഷം ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ഇവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതേത്തുടർന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും ഇയാൾ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. യുവതിയുടെ ശരീരത്തിൽ ബ്ലേഡുപയോഗിച്ച് മുറിവുണ്ടാക്കിയതായും ഇയാൾ മൊഴി നൽകി
ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ റെയിൽവേ സ്റ്റേഷൻ-ചെമ്മാംമുക്ക് റോഡിൽ ഭാരത രാജ്ഞി പാരിഷ് ഹാളിന് എതിർവശത്ത് വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്.
ക്വാർട്ടേഴ്സിന്റെ പിറകിലത്തെ മുറിയിൽ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പൂർണ നഗ്നമായ മൃതദേഹത്തിന്റെ തലയുടെ ഇടത് ഭാഗത്തും വലത് മാറിന് താഴെയുമായി പത്ത് സെന്റിമീറ്റർ നീളത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. തറയിൽ രക്തം വാർന്ന് ഉണങ്ങിപ്പിടിച്ചിട്ടുണ്ട്. ക്വാർട്ടേഴ്സ് പരിസരത്തുനിന്ന് ദുർഗന്ധം ഉയർന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസ് ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊല്ലം ഡി.സി.ആർ.ബി എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പോളയത്തോട് വിശ്രാന്തിയിൽ സംസ്കരിച്ചു. ഭർത്താവ് പരേതനായ ബിജു, ഏഴ് വയസുകാരി നന്ദന, മൂന്ന് വയസുള്ള നിധി എന്നിവർ മക്കളാണ്.