പണയംവയ്ക്കാന്‍ നല്‍കാമെന്ന് പറഞ്ഞ സ്വര്‍ണ്ണം കൊടുത്തില്ല; സ്ത്രീയെ കൊലപ്പെടുത്തി,ആഭരണം തട്ടിയെടുത്തു
സാജിതയ്ക്ക് വീട്ടുസാധനങ്ങൾ ഓട്ടോയിൽ എത്തിച്ചുനൽകിയിരുന്നത് ഹബീബുള്ളയാണ്. യാത്ര പോകാറുള്ളതും ഇയാളുടെ ഓട്ടോയിലാണ്
സാജിത, അറസ്റ്റിലായ ഹബീബുള്ള
തൃപ്രയാർ: ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തി ആഭരണം തട്ടിയെടുത്തു. കൊല നടന്ന വീട്ടിൽനിന്ന് പ്രതിയെ നാട്ടുകാർ കൈയോടെ പിടികൂടി. തളിക്കുളം നമ്പിക്കടവ് താണിക്കൽ സാജിത (ഷാജിത-55)യാണ് കൊല്ലപ്പെട്ടത്. വായും മൂക്കും തുണികൊണ്ട് മുറുക്കിക്കെട്ടി ശ്വാസംമുട്ടിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്. പരേതരായ കുഞ്ഞുമരയ്ക്കാരുടെയും പാത്തുമ്മയുടെയും മകളാണ്.
സാജിതയുടെ വീട്ടിൽനിന്ന് തൃപ്രയാറിലെ ഓട്ടോ ഡ്രൈവർ വലപ്പാട് കോതകുളം പോക്കാക്കില്ലത്ത് ഹബീബുള്ള(52)യെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ഇയാളിൽനിന്ന് സ്വർണാഭരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
സാജിതയ്ക്ക് വീട്ടുസാധനങ്ങൾ ഓട്ടോയിൽ എത്തിച്ചുനൽകിയിരുന്നത് ഹബീബുള്ളയാണ്. യാത്ര പോകാറുള്ളതും ഇയാളുടെ ഓട്ടോയിലാണ്.
തനിക്ക് സാജിത പണയംവയ്ക്കാൻ നൽകാമെന്ന് പറഞ്ഞിരുന്ന സ്വർണം തരാത്തതിനാൽ ബലമായി തട്ടിയെടുക്കുകയായിരുന്നെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ബുധനാഴ്ച രാവിലെ ഒമ്പതിനുശേഷമാണ് സംഭവം. സ്വർണം വാങ്ങാനാണ് ഹബീബുള്ള സാജിതയുടെ വീട്ടിലെത്തിയത്. എന്നാൽ, അവർ തയ്യാറായില്ല. പ്രകോപിതനായ ഹബീബുള്ള കൊലനടത്തിയശേഷം മാല, വള, കൈചെയിൻ, പാദസരം എന്നിവ ഊരിയെടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സാജിതയുടെ വീട്ടിൽനിന്ന് ശബ്ദം കേട്ട് അയൽവാസികൾ വന്നുനോക്കിയെങ്കിലും അസ്വാഭാവികമായൊന്നും കാണാത്തതിനാൽ ആദ്യം തിരിച്ചുപോയി. പിന്നീട് നോക്കിയപ്പോൾ തുറന്നുകിടന്നിരുന്ന മുൻവാതിൽ അടഞ്ഞുകണ്ടു. ഇതോടെ സംശയം തോന്നിയ അയൽക്കാർ അടുക്കളഭാഗത്തുകൂടി നോക്കിയപ്പോഴാണ് വീടിനകത്ത് ഒരാളെ കണ്ടത്.
ഗ്രാമപ്പഞ്ചായത്തംഗം എ.എം. മെഹബൂബും സുഹൃത്തുക്കളും ഉടനെ വാതിൽ ചവിട്ടിത്തുറന്ന് മുറിയിൽ കണ്ടയാളെ തടഞ്ഞുവെച്ചു. കിടപ്പുമുറിയിലെ കട്ടിലിൽ മുഖത്ത് തുണി ചുറ്റിയനിലയിൽ കിടന്നിരുന്ന സാജിതയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയാണ് മരണം സ്ഥിരീകരിച്ചത്.
അവിവാഹിതയായ ഇവർ ആടുകളെയും കോഴികളെയും വളർത്തിയാണ് വരുമാനം കണ്ടെത്തിയിരുന്നത്. സ്ഥലത്തെത്തിയ വലപ്പാട് പോലീസിന് നാട്ടുകാർ ഹബീബുള്ളയെ കൈമാറി. ഇയാൾ കൊണ്ടുവന്ന സ്കൂട്ടറും കണ്ടെടുത്തു.
ജില്ലാ റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോങ്രേ, ഡിവൈ.എസ്.പി.മാരായ ബിജുകുമാർ, സുധീരൻ, വലപ്പാട് എസ്.എച്ച്.ഒ. കെ.എസ്. സുശാന്ത് എന്നിവർ സാജിതയുടെ വീട്ടിലെത്തി പരിശോധന നടത്തി. വിരലടയാളവിഗ്ധരും ഫോറൻസിക് വിദഗ്ധരും വീട്ടിലെത്തി തെളിവെടുത്തു.