കുട്ടികള്‍ ബൈക്കില്‍ ചാരിനിന്നതിനെച്ചൊല്ലി തര്‍ക്കം; തീര്‍ഥാടകസംഘത്തിന്റെ ബസിന്റെ ചില്ല് തകര്‍ത്തു
യുവാവ് പ്രകോപിതനായതിന്റെ ദൃശ്യങ്ങൾ
ആലപ്പുഴ: ആലപ്പുഴ കളര്‍കോട് ജംഗ്ഷനില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനത്തിന് നേരെ യുവാവിന്റെ ആക്രമണം. ബുധനാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് ആക്രമണമുണ്ടായത്. ഒന്‍പത് വയസ്സുകാരിയും മറ്റൊരു കുട്ടിയും ബൈക്കില്‍ ചാരി നിന്ന് ഫോട്ടോ എടുത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറയില്‍ നിന്നുമെത്തിയ തീര്‍ഥാടക സംഘത്തിന് നേരെയായിരുന്നു ആക്രമണം. ഇവര്‍ യാത്രയ്ക്കിടയില്‍ ചായ കുടിക്കാന്‍ വേണ്ടി വാഹനം നിര്‍ത്തിയതായിരുന്നു. ഇതിനിടയില്‍ കുട്ടികള്‍ ഇരുവരും ബൈക്കില്‍ ചാരി നിന്ന് ഫോട്ടോ എടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ബൈക്കില്‍ ചാരി നിന്നതില്‍ പ്രകോപിതനായ യുവാവ് കുട്ടികളെ പിടിച്ച് തള്ളുകയും അസഭ്യം പറയുകയുമായിരുന്നു. ബൈക്കിന്റെ ചാവി കൊണ്ട് കുട്ടിയുടെ കയ്യില്‍ പോറലുമേറ്റിട്ടുണ്ട്.
പ്രശ്നത്തില്‍ തീര്‍ഥാടക സംഘത്തിലുണ്ടായ മുതിര്‍ന്നവര്‍ ഇടപെട്ടത് യുവാവിനെ വീണ്ടും പ്രകോപിതനാക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കൈക്കോടാലിയെടുത്ത് ഇയാള്‍ സംഘത്തിനെ വെല്ലുവിളിയ്ക്കുകയും ബസിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയുമായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. യുവാവിനായി അന്വേഷണം തുടരുകയാണെന്നും ഉടന്‍ തന്നെ ഇയാളെ പിടി കൂടുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.