കാട് മൂടിയ പറമ്പിൽ നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം, ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ, പൊലീസ് അന്വേഷണം തുടങ്ങി
കൊല്ലം : കൊല്ലത്ത് കാട് മൂടിയ പറമ്പിൽ പൂർണ നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ആറുദിവസത്തെ പഴക്കമുണ്ട്. മൃതദേഹത്തിൽ മുറിവുകളും കണ്ടെത്തി. തലയുടെ ഇടതുഭാഗത്തും മാറിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്.ഫാത്തിമ മാതാ നാഷണൽ കോളേജിന് സമീപത്തെ കാടുമൂടിയ റെയിൽവേ ക്വാർട്ടേഴ്സിലാണ് കേരളപുരം സ്വദേശി ഉമ പ്രസന്നനെ (32) മരിച്ച നിലയിൽ കണ്ടെത്തിയത്. വസ്ത്രത്തിന്റെ ചില ഭാഗങ്ങൾ മാത്രമാണ് മൃതദേഹത്തിന് സമീപമുണ്ടായിരുന്നത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.സൗന്ദര്യവർദ്ധക വസ്തുക്കൾ വീടുകളിൽ വില്പന നടത്തുകയായിരുന്ന യുവതിയെ കഴിഞ്ഞ മാസം 29 മുതൽ കാണാതാവുകയായിരുന്നു. തുടർന്ന് മാതാവ് കുണ്ടറ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഇതുവഴി വന്ന രണ്ടു യുവാക്കൾ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഈസ്റ്റ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ബീച്ചിൽ നിന്ന് കിട്ടിയ യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. യുവതിയുടെ ഭർത്താവ് ബിജു മൂന്നുവർഷം മുമ്പ് മരിച്ചു. രണ്ട് മക്കളുണ്ട്.