പ്രധാനമന്ത്രി ആവാസ് യോജന, ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുടെ സംഗമം തുടങ്ങി
കാഞ്ഞങ്ങാട് : പ്രധാനമന്ത്രി ആവാസ് യോജന, ലൈഫ് ഭവനപദ്ധതി കാഞ്ഞങ്ങാട് നഗരസഭയിലെ ഗുണഭോക്താക്കളുടെ സംഗമം തുടങ്ങി. മൂന്ന് ദിവസങ്ങളിലായാണ് സംഗമം നടക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭ ടൗണ്‍ ഹാളില്‍ നടക്കുന്ന സംഗമം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ വിവിധ വാര്‍ഡുകളിലായി 1922 ഗുണഭോക്താക്കളാണ് സംഗമത്തില്‍ പങ്കാളിയാവുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്ന എല്ലാവര്ക്കും ഭവനം എന്ന പി.എം.എ ലൈഫ് ഭവനം പദ്ധതിയില്‍ ഗുണഭോക്താക്കളായ ആളുകളുടെ ജീവിത നിലവാരം ഉയര്‍ത്തുക, പദ്ധതി ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിചയപ്പെടുത്തുക, മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് സ്വയം തൊഴില്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തുക എന്നിവയാണ് സംഗമത്തിലൂടെ ലക്ഷ്യം വെക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നഗരസഭയില്‍ നിന്നും 844 അംഗങ്ങള്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ 1078 അര്‍ഹത നേടിയിരുന്നു. നഗരസഭാ വൈസ് ചെയര്മാന് ബില്‍ടെക്ക് അബ്ദുള്ള അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ലത, പി.അഹമ്മദ് അലി, കെ.അനീശന്‍, കെ.വി.സരസ്വതി, കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാരായ സൂര്യ ജാനകി, കെ.സുജിനി, മെമ്പര്‍ സെക്രട്ടറി ജയചന്ദ്രന് മോനാച്ച, പദ്ധതി കോര്‍ഡിനേറ്റര്‍ വിപിന്‍ മാത്യു എന്നിവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി പി.ശ്രീജിത്ത് സ്വാഗതം പറഞ്ഞു. സംഗമം വെള്ളിയാഴ്ച അവസാനിക്കും.