കാസർകോട് ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷം വിപുലമായി നടത്തും
കാസർകോട് :ജില്ലയില്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കും. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പൊലീസ് എക്സൈസ് വകുപ്പുകളുടെ പ്ലാറ്റൂണുകള്‍ അണിനിരക്കും. തെരഞ്ഞെടുത്ത കോളേജ്, സ്കൂളുകളില്‍ നിന്നുള്ള എസ്.പി.സി, റെഡ്ക്രോസ്, എന്‍.എസ്.എസ്, എന്‍.സി.സി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് പരേഡുകളും അരങ്ങേറും. ഓരോ വകുപ്പുകളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള പരേഡില്‍ 30 വീതം പേരാണ് പങ്കെടുക്കേണ്ടത്. പരേഡില്‍ പങ്കെടുക്കുന്നവര്‍ക്ക് മൂന്ന് ഘട്ടങ്ങളിലായി റിഹേഴ്സലിനുള്ള അവസരം ഉണ്ട്. ജനുവരി 22, 23 തീയതികളില്‍ ഉച്ചയ്ക്ക് രണ്ടിനും 25ന് രാവിലെ ഏഴിനും റിഹേഴ്സലിനായി വിദ്യാനഗര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരണം. പരേഡില്‍ പങ്കെടുക്കുന്നവര്‍ 26ന് രാവിലെ ഏഴിന് സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. സ്വന്തമായി വാഹനം ഇല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറെയും ആര്.ടി.ഒയെയും ചുമതലപ്പെടുത്തി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്റ്റേഡിയത്തില്‍ സുരക്ഷ ഏര്‍പ്പെടുത്തും. റിപ്പബ്ലിക്കിന്റെ ഭാഗമായി ജനുവരി 25, 26 തീയതികളില്‍ കാസര്‍കോട് തഹസില്‍ദാര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതല വഹിക്കും. അഡീഷണല്‍ തഹസില്‍ദാര്‍ ഇരിപ്പിടങ്ങളുടെ സൗകര്യം ഉറപ്പാക്കും. സ്റ്റേഡിയത്തില്‍ ആവശ്യമായ കുടിവെള്ള സൗകര്യം ഉറപ്പ് വരുത്താന്‍ കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് ചുമതല. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) നേതൃത്വത്തില്‍ വൈദ്യസഹായം, അടിയന്തിര വൈദ്യ സഹായം എന്നിവ ലഭ്യമാക്കും. ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തില്‍ അഗ്നിശമന സേനയുമുണ്ടാകും. 2018ല്‍ ആണ് ജില്ലയില്‍ അവസാനമായി വിപുലമായ രീതിയില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം കൊവിഡ് മാനദണ്ഡത്തെ അടിസ്ഥാനമാക്കിയിരുന്നു ആഘോഷം. റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം എ.കെ.രമേന്ദ്രന്‍ അധ്യക്ഷനായി. ആര്.ഡി.ഒ അതുല്‍.എസ്.നാഥ്, ഫിനാന്‍സ് ഓഫീസര്‍ എം.ശിവപ്രകാശന്‍ നായര്‍, ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എ.സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പ് മേധാവികള്‍, സ്കൂള്‍, കോളേജ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.