വോട്ടർമാരെ പരിഹസിച്ചു കൊണ്ട് നടക്കുന്ന ഈ “കളങ്കിത സത്യപ്രതിജ്ഞയ്ക്കെതിരെ” കേരളം ഒന്നടങ്കം ശബ്ദമുയർത്തണം; വിമർശനവുമായി കെ സുധാകരൻ
തിരുവനന്തപുരം: മന്ത്രിയായി സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വിമർശനവുമായി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. വോട്ടർമാരെ പരിഹസിച്ചു കൊണ്ട് നടക്കുന്ന ഈ “കളങ്കിത സത്യപ്രതിജ്ഞയ്ക്കെതിരെ” കേരളം ഒന്നടങ്കം ശബ്ദമുയർത്തണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ തീരാക്കളങ്കം ആയിരിക്കും മന്ത്രിസഭയിലേക്ക് സജി ചെറിയാന്റെ മടങ്ങിവരവെന്നും അധികാരം ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ല എന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ തീരാക്കളങ്കം ആയിരിക്കും മന്ത്രിസഭയിലേക്ക് ശ്രീ.സജി ചെറിയാന്റെ മടങ്ങിവരവ് . സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് പുറത്തായത് ഇന്ത്യൻ ഭരണഘടനയെ വളരെ നിന്ദ്യമായ ഭാഷയിൽ അവഹേളിച്ചതിന്റെ പേരിലാണ്.ആ അവഹേളനം അതുപോലെ തന്നെ നമ്മുടെ കൺമുമ്പിൽ മായാതെ നിൽക്കുകയാണ്.അവഹേളനത്തിന് തെളിവില്ലെന്ന് പറഞ്ഞ വെളിവില്ലാത്ത കേരള പൊലീസും ഭരണകൂടവും ഈ നാടിന് അപമാനമാണ്.ഇന്ത്യാ രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഇന്ത്യൻ ഭരണഘടനയുടെ നേർക്ക് കൊഞ്ഞനം കുത്തിക്കൊണ്ട് സ്വാർത്ഥ താല്പര്യങ്ങളുടെ പേരിലാണ് സജി ചെറിയാനെ പിണറായി വിജയൻ തിരിച്ചെടുക്കുന്നത്.അധികാരം ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ല എന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചിരിക്കുന്നു. ധാർമികതയും മൂല്യവും ഘോരഘോരം കൊട്ടിഘോഷിക്കുന്നവരുടെ തനിനിറം പ്രബുദ്ധ മലയാളികൾ മനസിലാക്കണം. സിപിഎം ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്വഭാവം കൈവിട്ട് പിണറായി വിജയനെന്ന വ്യക്തിയുടെ താത്പര്യങ്ങൾ മാത്രമനുസരിച്ച് പ്രവർത്തിക്കുന്ന ഭക്തജനക്കൂട്ടമായി മാറിയിരിക്കുകയാണ്.പിണറായി വിജയനെ ഭയന്ന് ഈ അനീതിക്കെതിരെ ചെറുവിരൽ അനക്കാൻ പോലും കഴിയാതെ മൗനത്തിലാണ് സിപിഎമ്മിന്റെ ഉന്നത നേതാക്കൾ .ഭരണഘടനയാണ് ഈ നാട്ടിൽ മനുഷ്യന് സ്വസ്ഥമായി ജീവിക്കാൻ അവസരമൊരുക്കുന്നത്. ആ ഭരണഘടനയെ തള്ളി പറയുന്ന ഒരാൾക്ക് എങ്ങനെ നാട് ഭരിക്കാൻ കഴിയും? ഭരണഘടനയെ അപമാനിച്ച മന്ത്രിയെ പുറത്താക്കാൻ ഉള്ള സകല നിയമസാധുതകളും പ്രതിപക്ഷം പരിശോധിക്കുകയാണ്.ഇന്ത്യൻ ജനാധിപത്യത്തിനെ അപമാനിച്ചു കൊണ്ട്, വോട്ടർമാരെ പരിഹസിച്ചു കൊണ്ട് നടക്കുന്ന ഈ “കളങ്കിത സത്യപ്രതിജ്ഞയ്ക്കെതിരെ ” കേരളം ഒന്നടങ്കം ശബ്ദമുയർത്തണം.ഇന്ത്യ മഹാരാജ്യത്തിനോട് നിർവ്യാജമായ കൂറും സ്നേഹവും ബഹുമാനവും വിശ്വസ്തതയും കാത്തുസൂക്ഷിക്കുന്ന ഒരു ഭാരതീയനും ഈ സത്യപ്രതിജ്ഞയെ അംഗീകരിക്കുവാനോ ന്യായീകരിക്കുവാനോ സാദ്ധ്യമല്ല.നവമാദ്ധ്യമങ്ങളിലടക്കം കേരളത്തിലുടനീളം കോൺഗ്രസ് പ്രവർത്തകർ ഈ അനീതിക്കെതിരെ സംസാരിക്കാനും പ്രതിഷേധമുയർത്താനും കെപിസിസി അദ്ധ്യക്ഷൻ എന്ന നിലയിൽ ആഹ്വാനം ചെയ്യുന്നു.