മലപ്പുറത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; പത്ത് വയസുകാരൻ മരിച്ചു, ആറുപേർക്ക് പരിക്ക്
മലപ്പുറം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് പത്തുവയസുകാരൻ മരിച്ചു. കർണാടക സെയ്താപൂർ സ്വദേശി സുമിത് പാണ്ഡെ (10) ആണ് മരിച്ചത്. ശബരിമല സന്ദർശനത്തിനായി കർണാടകയിൽ നിന്നെത്തിയ തീർത്ഥാടകർ സഞ്ചരിച്ച പിക്കപ്പ് വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ആറുപേരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം ഇടുക്കിയിലും തമിഴ്നാട് സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ട് 16പേർക്ക് പരിക്കേറ്റിരുന്നു. ഇറക്കത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വളവിലുണ്ടായിരുന്ന വീടിന്റെ കാർ പോർച്ചിന് മുകളിലേയ്ക്ക് വാഹനം പതിക്കുകയായിരുന്നു. കാപ്പാട് ഷഫീഖ് എന്നയാളുടേതാണ് വീട്. വലിയ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് അപകടം നടന്നത് അറിഞ്ഞത്. തുടർന്ന് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. പരിക്കേറ്റവരിൽ കുട്ടികളുമുണ്ട്.