എയർ ഇന്ത്യ വിമാനത്തിനുള്ളിൽ യാത്രക്കാരിയ്ക്ക് മേൽ സഹയാത്രികൻ മൂത്രമൊഴിച്ചു, നഗ്നതാപ്രദർശനം; പരാതി
ന്യൂഡൽഹി: മദ്യലഹരിയിൽ സഹയാത്രികൻ യാത്രക്കാരിയ്ക്ക് മേൽ മൂത്രമൊഴിച്ചതായി പരാതി. കഴിഞ്ഞ നവംബർ 26ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേയ്ക്ക് പോവുകയായിരുന്ന എയർ ഇന്ത്യ എ ഐ-102 വിമാനത്തിലെ ബിസിനസ് ക്ളാസിലായിരുന്നു സംഭവം. അതിക്രമം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരി പറയുന്നു.വിമാനത്തിലുണ്ടായ ദുരനുഭവം വ്യക്തമാക്കി പരാതിക്കാരി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് എഴുതിയ കത്ത് ദേശീയമാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. പരാതി നൽകിയിട്ടും യാതൊരു നടപടിയും നേരിടാതെ യാത്രക്കാരൻ ഡൽഹിയിൽ വിമാനമിറങ്ങി മടങ്ങിയതായി യുവതി പറയുന്നു. ഇത്തരമൊരു സംഭവം കൈകാര്യം ചെയ്യുന്നതിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും പരാതിക്കാരി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.ഉച്ചഭക്ഷണത്തിന് ശേഷം വിമാനത്തിലെ ലൈറ്റുകൾ ഓഫ് ചെയ്ത സമയത്തായിരുന്നു പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന യാത്രികൻ തന്റെ സീറ്റിന് സമീപത്തേയ്ക്ക് എത്തി പാന്റിന്റെ സിപ്പ് മാറ്റിയതിന് ശേഷം മൂത്രമൊഴിക്കുകയായിരുന്നെന്ന് പരാതിക്കാരി പറയുന്നു. തുടർന്ന് അവിടെതന്നെ നിൽക്കുകയും സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുന്നത് തുടരുകയും ചെയ്തു. മറ്റ് യാത്രക്കാർ മാറിപോകാൻ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് അയാൾ അവിടെനിന്ന് പോയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. യുവതിയുടെ വസ്ത്രങ്ങളും ചെരിപ്പും ബാഗുമെല്ലാം മൂത്രത്തിൽ നനഞ്ഞിരുന്നു. സംഭവത്തിന് ശേഷം വിമാനത്തിലെ ജീവനക്കാർ പുതിയ വസ്ത്രങ്ങൾ നൽകുകയും സീറ്റിൽ ഷീറ്റ് വിരിച്ചുകൊടുക്കുകയും ചെയ്തു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എയർ ഇന്ത്യ പൊലീസിൽ പരാതി നൽകുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. അതിക്രമം നടത്തിയ യാത്രക്കാരന് യാത്രാനിരോധനം ഏർപ്പെടുത്താനും കമ്മിറ്റി ശുപാർശ ചെയ്തു. ഇത് സർക്കാരിന്റെ പരിഗണനയിലാണെന്ന് എയർ ഇന്ത്യാ വക്താക്കൾ വ്യക്തമാക്കി.